വളരെ സാവധാനം വായിക്കുന്ന ഒരാളാണ് ഞാൻ. എന്നിട്ടും ഡോ .ടി.പി.നാസറിന്റെ പക്ഷികൾ കൂടണയുന്നില്ല എന്ന നോവൽ ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു.ഏതൊരു പുസ്തകത്തെയും സ്വീകാര്യമാക്കുന്നതിലെ പ്രധാന സംഗതി അതിന്റെ പാരായണീയത തന്നെയാണ്. കഥയും തിരക്കഥയും ഡയറിക്കുറിപ്പുകളും യാത്രാവിവരണങ്ങളും ഓർമ്മക്കുറിപ്പുകളും എല്ലാം ചേർന്ന് സങ്കീർണമായ ഘടനയാണ് നോവലിന്റേത്. അവയേക്കാളെല്ലാം അതിനെ സങ്കീർണ്ണമാക്കുന്നത് എഴുത്തുകാരനും ഡോക്ടറും എല്ലാമായ പ്രധാന കഥാപാത്രത്തിന്റെ ജീവിതവും മരണവും തന്നെയാണ്.
ഡോ .നാസറിന്റെ ചില കഥകൾ വായിക്കുകയും പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ടെങ്കിലും(പത്രാധിപർ ആയിരുന്നപ്പോൾ )നോവൽ ആദ്യമായാണ് വായിക്കുന്നത് .ആദ്യ നോവലാണെന്നു തോന്നാത്ത വിധം കയ്യടക്കത്തോടെ വ്യത്യസ്തമായ രചനാ സങ്കേതങ്ങളുപയോഗിച്ചു,തനിക്കാവിഷ്കരിക്കുവാൻ കഴിയുന്ന ജീവിതത്തെ ,അതിന്റെ പൂർണ്ണതയിൽ വരച്ചു കാണിക്കുവാൻ നോവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു.
ചിലപ്പോൾ യാഥാർഥ്യം അതീവ സങ്കീർണ്ണമാണ്.കഥകളാണ് അവയ്ക്ക് രൂപം നൽകുന്നത് –അവസാന അധ്യായത്തിൽ നോവലിസ്റ്റ് പ്രശസ്ത സംവിധായകനായ ഗൊദാർദിനെ ഉദ്ധരിക്കുന്നുണ്ട്. ഡോ.സക്കറിയ എന്ന കഥാപാത്രത്തിന്റെ ജീവിതത്തെ വ്യാഖ്യാനിക്കാൻ കഴിയുന്ന ഉദ്ധരണിയാണിത്.നാല്പത്തി രണ്ടു ചെറിയ അധ്യായങ്ങളിലൂടെയാണ് ആ കഥ വരച്ചു പൂർത്തിയാക്കുന്നത് പക്ഷികൾ കൂടണയുന്നില്ല എന്ന സിനിമയുടെ ഷൂട്ടിംഗിൽ നിന്ന് അതാരംഭിക്കുന്നു. അതിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തഥാഗതൻ ഒരു ഘട്ടത്തിൽ തിരിച്ചറിയുന്നു അത് തന്റെ പിതാവ് പണ്ടെന്നോ എഴുതി വെച്ച തിരക്കഥയാണെന്ന് !.
സ്വന്തം മരണത്തെ പ്രവചിക്കുന്ന ഒരെഴുത്തുകാരന്റെ ഉൾക്കാഴ്ച കണ്ടെത്താൻ പിന്നീട് നടത്തുന്ന അന്വേഷണങ്ങൾക്ക് ഒരു കുറ്റാന്വേഷണ കഥയുടെ ഉദ്വേഗവും താളഘടനയുമുണ്ട്.ആ തിരക്കഥ മുഴുവനായും നോവലിലുണ്ട്.പിന്നീട് അയാളുടെ ചില കഥകളും ദിനസരിക്കുറിപ്പുകളും ആ സങ്കീർണ്ണ വ്യക്‌തിത്വത്തിലേക്ക് വെളിച്ചം പ്രസരിപ്പിക്കാവുന്ന വിധം പ്രയോജനപ്പെടുത്തുന്നുണ്ട്.
എഴുപതുകളിലെ കോഴിക്കോട് മെഡിക്കൽ കോളേജ് കേമ്പസിന്റെ ക്ഷുഭിതമായ കാലയളവിന്റെ ആവിഷ്ക്കാരം കൂടിയാണീ നോവൽ. കോളേജ് മാഗസിനുകളും റാഗിംഗും ജനകീയ വിചാരണയും ഒക്കെ കൂട്ടിക്കലരുന്ന ആ കാലഘട്ടം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട ഒരു അദ്ധ്യായം തന്നെയാണ്.
ആ ചരിത്രത്തിന്റെ ഭാഗമായ അനേകം യുവാക്കളിൽ ഒരാളാണ് ഡോ.സക്കറിയ. എന്നും അയാൾ റിബലായിരുന്നു. വ്യവസ്ഥാപിത സാമൂഹ്യഘടനക്കെതിരായിരുന്നു.സ്വാതന്ത്ര്യത്തെയാണയാൾ എല്ലാറ്റിനേക്കാളും ഉപരിയായി സ്വീകരിച്ചത്. അയാളുടെ പ്രണയവും രതിയും മരണവുമെല്ലാം അതിസങ്കീർണ്ണമായ ഒരു വ്യക്തിത്വത്തെയാണ് അനാവരണം ചെയ്യുന്നത്. അയാളുടെ മരണത്തിനു മീതെ മൂടിയ നിഗൂഢതകൾ എന്തെന്നന്വേഷിച്ചു, വർഷങ്ങൾക്ക് ശേഷം അതേ കാമ്പസിൽ മകൻ എത്തുകയാണ്-അയാളുടെ സുഹൃത്തുക്കളെത്തേടി.സുഹൃത്തുക്കൾ തന്നെയായിരുന്നുവല്ലോ അയാളുടെ ജീവിതത്തിൽ നിറഞ്ഞു നിന്നത്.
ഒരുപക്ഷെ ഡോ.നാസറിന്റെ ജീവിതാനുഭവങ്ങൾ തന്നെയായിരിക്കാം മുഖ്യ കഥാപാത്രമായ ഡോ.സക്കറിയയുടെ വ്യക്തിത്വത്തെ സത്യസന്ധമായി ആവിഷ്‌ക്കരിക്കാൻ സഹായിച്ചത് .സർഗ്ഗാത്മകമായ ഭാവന അതിനെ ചേതോഹരമാക്കുന്നു.
ചിന്ത ബുക്സാണ് പ്രസാധകർ.
വില- 380 രൂപ