കണ്ണൂർ – കർണാടകയിലെ കോൺഗ്രസ് സർക്കാരിനെയും തന്നെയും ലക്ഷ്യമിട്ട് കേരളത്തിൽ മൃഗബലിയും ആഭിചാര പൂജകളും നടന്നുവെന്ന കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി. കെ. ശിവകുമാറിന്റെ വെളിപ്പെടുത്തൽ വിവാദമാവുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നുരിലും തളിപ്പറമ്പിലുമായാണ് പൂജകൾ നടന്നതെന്നാണ് ആക്ഷേപം. പ്രസ്താവനക്കെതിരെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രംഗത്തെത്തി. അതിനിടെ പൂജ നടന്നുവോ എന്ന കാര്യത്തിൽ സ്ഥിരീകരണം തേടി കർണാടക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി.
കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടന്നുവെന്നാണ് ഡി കെ ശിവകുമാറിന്റെ ആരോപണം. തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ലക്ഷ്യമിട്ടാണ് പൂജയും മൃഗബലിയും നടന്നത്. കേരളത്തിലെ ഒരു രാജരാജേശ്വരി ദേവസ്ഥാനത്തിന് അടുത്താണ് പൂജ നടത്തിയതെന്ന് വിവരം കിട്ടിയെന്ന് ശിവകുമാർ പറഞ്ഞു.
ശത്രു സംഹാര യാഗത്തിന്റെ ഭാഗമായി ശത്രുക്കളെ ഇല്ലാതാക്കാൻ പഞ്ചബലിയും നടത്തി. 21 ആടുകൾ, 5 പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. പൂജകൾ ഇപ്പോഴും നടക്കുന്നുണ്ട്. പൂജകളിൽ പങ്കെടുക്കുന്ന ആളുകളിൽനിന്നും കൃത്യമായ വിവരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു. കർണാടകയിൽ നിന്നുള്ള ആളുകളാണ് പൂജകൾ നടത്തിയത്. അത് അവരുടെ വിശ്വാസമാണ്. അത് അവർക്ക് വിട്ടുനൽകുന്നു. അവർക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെ. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണ്. ശിവകുമാർ പറഞ്ഞു. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. തന്റെ രാഷ്ട്രീയ എതിരാളികളാണ് ഇതിന് പിന്നിലെന്നും ഡി. കെ. ശിവകുമാർ വ്യക്തമാക്കി.
ഡി. കെ. ശിവകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കർണാടക രഹസ്യാന്വേഷണ വിഭാഗം വിവര ശേഖരണത്തിനായി കണ്ണൂരിലെത്തി. അഞ്ചാംഗ സംഘമാണ് അന്വേഷണത്തിനായി കണ്ണൂരിൽ എത്തിയത്. പയ്യന്നൂരും തളിപ്പറമ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അതേസമയം, ഡി. കെ. ശിവകുമാറിന്റെ വെളിപ്പെടുത്തൽ ശുദ്ധ അസംബന്ധമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കർണാടക സർക്കാരിനെ താഴെ ഇറക്കാൻ കേരളത്തിൽ മൃഗബലി നടന്നതായി ഡി.കെ ശിവകുമാർ പറഞ്ഞ കാര്യം അറിഞ്ഞില്ല. പറഞ്ഞെങ്കിൽ കേരളത്തിൽ അത് നടക്കുമെന്ന് കരുതുന്നുമില്ല. പ്രബുദ്ധ കേരളം അത്തരം കാര്യങ്ങളെ ചെറുക്കും. കേരളം അത്തരം വൃത്തികേടുകളിലേക്ക് പോകുന്ന സംസ്ഥാനമല്ലെന്നും മന്ത്രി പറഞ്ഞു.