ദമാം – പത്തു ദിവസത്തിനു ശേഷം കിഴക്കന്‍ സൗദിയിലെ അല്‍ഹസയില്‍ വരാനിരിക്കുന്നത് അതികഠിന ചൂട്. അടുത്ത മാസം അല്‍ഹസയില്‍ താപനില 50 ഡിഗ്രി കവിയുമെന്നാണ് കരുതുന്നത്. ജൂണ്‍ എട്ട് ശനിയാഴ്ച അല്‍ഹസയില്‍ കൂടിയ താപനില 51 ഡിഗ്രിയും കുറഞ്ഞ താപനില 32 ഡിഗ്രിയുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന താപനിലകളില്‍ ഒന്നാകുമിത്.
2020 ജൂലൈ എട്ടിന് അല്‍ഹസയില്‍ 50 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ കൊല്ലം ഭൂമിയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയാണ് രേഖപ്പെടുത്തിയത്. ഇതിനു മുമ്പുള്ള റെക്കോര്‍ഡ് 2016 ല്‍ ആയിരുന്നു. ഈ റെക്കോര്‍ഡ് വലിയ മാര്‍ജിനിലാണ് കഴിഞ്ഞ വര്‍ഷം മറികടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടിയ ചൂട് ആണ് ഈ കൊല്ലം അനുഭവപ്പെടുകയെന്ന് ചില ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.
സൗദിയില്‍ അടുത്ത ശനി മുതല്‍ വേനല്‍ക്കാലത്തിന് തുടക്കമാകും. ശനി മുതല്‍ 90 ദിവസക്കാലം സൗദിയിലെങ്ങും താപനില ഉയരുന്നത് തുടരും. സെപ്റ്റംബര്‍ മധ്യം മുതല്‍ താപനില കുറയാന്‍ തുടങ്ങും. സൗദിയിലെ ഭൂരിഭാഗം നഗരങ്ങളിലും കുവൈത്ത്, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.