കണ്ണൂർ – ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തർ ദേശീയ ടീമിൽ ഇടം പിടിച്ച് കണ്ണൂർ സ്വദേശിയായ യുവ ഫുട്ബോൾ താരം. കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷിദ് ആണ് ഈ താരം. ഇന്ത്യയ്ക്കെതിരെയുളള മത്സരത്തിലടക്കം തഹ്സിൻ ബൂട്ടണിഞ്ഞേക്കും.
ഖത്തർ യൂത്ത് ടീമുകളിലും, സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈൽ സീനിയർടീമിലും ഇടം പിടിച്ചതിനു പിന്നാലെയാണ് കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സിന് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിൻ്റെ ദേശീയ സീനിയർ ടീമിൽ നിന്നും വിളിയെത്തുന്നത്. ജൂൺ ആറിന് അഫ്ഗാനിസ്ഥാനും, ജൂൺ 11ന് ഇന്ത്യക്കുമെതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള 29 അംഗ ദേശീയ ടീമിലാണ് ഇടം നേടിയത്.
ഇതാദ്യമായാണ് ഒരു മലയാളി ഫുട്ബാളർ മറ്റൊരു രാജ്യത്തിൻെറ ദേശീയ ടീമിൽ ഇടം നേടുന്നത്.
ഖത്തർ അണ്ടർ 16, 19 ടീമുകളിൽ മികച്ച പ്രകടനവുമായി ശ്രദ്ധേയനായിരിക്കെയൊണ് രണ്ടു മാസം മുമ്പ് അൽ ദുഹൈൽ ക്ലബിൻറ സീനിയർ ടീമിലേക്ക് തഹ്സിന് വിളിയെത്തുന്നത്. മുൻ ബ്രസീൽ താരം ഫിലിപ് കുടീന്യോയും ഖത്തറിൻെറ സൂപ്പർതാരം അൽ മുഈസ് അലിയുമെല്ലാം മത്സരിക്കുന്ന ടീമിൽ പതിവു സാന്നിധ്യമായിമാറിയതിനു പിന്നാലെ 17കാരനെ തേടി ദേശീയ ടീമിൽ നിന്നു വിളിയുമെത്തി. ഖത്തറിൽ തൊഴിൽ തേടിയെത്തിയ കണ്ണൂർ തലശ്ശേരിക്കാരനായ ജംഷിദിന്റെയും വളപട്ടണംകാരിയായ ഷൈമയുടെയും മകനാണ് ജംഷിദ്.
ഖത്തറിൽ ജനിച്ചു വളർന്നതോടെ ഫിഫ നിയമപ്രകാരം ദേശീയ ടീമിൽ കളിക്കാൻ അർഹത നേടി. ആസ്‌പയർ സ്പോർട്സ് അക്കാദമിയിൽ വളർന്ന തഹ്സിൻ നിലവിൽ 12 ക്ലാസ് വിദ്യാർത്ഥിയാണ്. ജൂൺ 11 ന് ലോകകപ്പ് ഏഷ്യാ മേഘല യോഗ്യത മൽസരം നടക്കുമ്പോൾ സഹൽ അബ്‌ദുസ്സമദ് നീലക്കുപ്പായത്തിലിറങ്ങുമ്പോൾ മറു നിരയിൽ അന്നാബിയുടെ മെറൂൺ കുപ്പായത്തിൽ മറ്റൊരു മലയാളി കൂടിയുണ്ടാവും.