ജിദ്ദ- സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും സമുദായ ഐക്യം ഊട്ടി ഉറപ്പിക്കുന്ന തരത്തിലും സാമൂഹ്യ മാധ്യമങ്ങൾ ക്രിയാത്മകമായി മാത്രം ഉപയോഗപ്പെടുത്തണമെന്ന് കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയുടെയും എസ്.ഐ.സി (സ്മസ്‌ത ഇസ്ലാമിക് സെൻ്റർ) യുടേയും സംയുക്ത നേതൃതല യോഗം ആഹ്വാനം ചെയ്തു.
നേതാക്കളെയും പണ്ഡിതന്മാരെയും ബഹുമാനിക്കുകയും ഐക്യത്തിൻ്റെ പാതയിൽ സഞ്ചരിക്കുകയുമാണ് സമസ്തയുടെയും മുസ്ലിം ലീഗിൻ്റെയും പാരമ്പര്യമെന്നും ആ പൂർവ്വീക പാത പിൻപറ്റി ഒന്നിച്ച് മുന്നേറുകയാണ് പ്രവാസ ലോകത്തെ സംഘടനാ പാരമ്പര്യമെന്നും സംഘടനാ പരമായ അച്ചടക്കം പാലിക്കാൻ എല്ലാ പ്രവർത്തകരും വിട്ട് വീഴ്ചയില്ലാത്ത ഉത്സാഹം കാണിക്കണമെന്നും നേതാക്കൾ അറിയിച്ചു.
സാമൂഹ്യ മാധ്യമങ്ങളിൽ ഏത് തരത്തിലുള്ള മോശം പ്രതികരണങ്ങൾ ശ്രദ്ധയിൽ പെട്ടാലും അത് തികഞ്ഞ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.
പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘടനാ സൗഹൃദം പവിത്രമായി കാത്ത് സൂക്ഷിക്കുമെന്നും രാജ്യത്തിൻ്റെ ഭരണഘടന പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിൽ സാമൂഹിക അന്തരീക്ഷം കലുഷിതമാകുന്ന ഒരു തരത്തിലുള്ള പ്രവർത്തനം സംഘടനാ പ്രവർത്തകരിൽ നിന്നും ഉണ്ടാകില്ലെന്നും സംയുക്ത പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി.
ഇരു സംഘടനകളുടേയും സോൺ നേതാക്കൾ പങ്കെടുത്തു. എസ്.ഐ.സിയെ പ്രതിനിധീകരിച്ച് ഈസ്റ്റേൺ സോൺ കമ്മിറ്റി നേതാക്കളായ അബ്ദുൽ നാസർ ദാരിമി, ബഷീർ ബാഖവി, ഇബ്റാഹിം ഓമശ്ശേരി , അബൂജിർഫാസ് മൗലവി,സക്കരിയ്യ ഫൈസി,സവാദ് ഫൈസി, അഷ്റഫ് അഷ്റഫി , മൂസ അസ്അദി, സജീർ അസ്അദി പങ്കെടുത്തു. കെ.എം.സി.സിയെ പ്രതിനിധീകരിച്ച് ഈസ്റ്റേൺ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂർ, സിദ്ധീഖ് പാണ്ടികശാല, റഹ്മാൻ കാരയാട്, മുജീബ് കൊളത്തൂർ, അബ്ദുൽ ഖാദർ മാസ്റ്റർ,അബ്ദുൽ മജീദ്, അശ്റഫ് ഗസൽ, ഹുസൈൻ വേങ്ങര എന്നിവർ പങ്കെടുത്തു.