കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിവിവാദത്തിൽ പോലീസിന് കേസെടുക്കാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങൾ അടക്കം നിലനിൽക്കുമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.
ഇഡി പരിശോധിക്കുന്നത് കള്ളപ്പണ ഇടപാടാണ്. ഗൂഢാലോചന, വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള കേരള പോലീസിന്റെ പരിധിയിൽ വരുന്നവയിൽ കേസെടുക്കാമെന്നുമാണ് ഇഡി ഹൈക്കോടതിയിൽ നൽകുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.
മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഹർജി ബാലിശമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ചട്ടങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന സിഎംആര്‍എല്‍ കമ്പനിയുടെ വാദം തെറ്റെന്ന് ഇഡി ഹൈക്കോടതിയിൽ അറിയിച്ചു.
2019 ലെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ 133.82 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നുവെന്നാണ് സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കുന്നത്.