ആലപ്പുഴ : ഗുണ്ടാനേതാവിന്റെ വീട്ടില്‍ ഡി വൈ എസ് പി ക്കൊപ്പം വിരുന്നിന് പോയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലെ വിരുന്നിന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. എം ജി സാബുവിനെ അനുഗമിച്ച ഡ്രൈവര്‍, എ ആര്‍ ക്യാമ്പില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് നിയോഗിച്ചിരുന്ന പോലീസുകാരന്‍ എന്നിവരെയാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.എറണാകുളം റൂറല്‍ എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
മൂന്ന് പോലീസുകാര്‍ക്കൊപ്പമാണ് ഡി വൈ എസ് പി തമ്മനം ഫൈസലിന്റെ വീട്ടില്‍ എത്തിയത്.ഇതിൽ ഒരു പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.തന്റെ അധികാരപരിധിയില്‍ വരുന്നവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.സംഭവത്തില്‍ അഭ്യന്തര അന്വേഷണം നടക്കുന്നതിനാല്‍ സസ്‌പെന്‍ഷനിലായ പോലീസുകാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന് ഡി വൈ എസ് പിയുമായും ആലപ്പുഴയിലെ പോലീസുകാരുമായും ബന്ധം ഉള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഗുഢല്ലൂരില്‍ വിനോദയാത്രക്ക് പോയി മടങ്ങുമ്പോള്‍ തന്റെ സുഹൃത്തിന്റെ വസതിയില്‍ കയറിയിട്ട് പോകാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയത് ഡി വൈ എസ് പിയാണെന്നാണ് പോലീസുകാരുടെ മൊഴി.എന്നാൽ പോലീസുകാരാണ് തന്നെ അവിടെ എത്തിച്ചതെന്നാണ് ഡി വൈ എസ് പി പറയുന്നത്.നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ചിലുണ്ടായിരുന്ന ഡി വൈ എസ് പിയെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്.