ജിദ്ദ – പശ്ചിമേഷ്യന്‍ സമാധാനത്തിനും സുരക്ഷക്കും അടിത്തറ ദ്വിരാഷ്ട്ര പരിഹാരമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ സുരക്ഷിതത്വവും അവകാശങ്ങളും ഉറപ്പുനല്‍കുന്ന ഇതു സംബന്ധിച്ച് അഭിപ്രായ സമന്വയത്തിന്റെ സൂചനകള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ കുറിച്ച് സൗദി അറേബ്യയും നോര്‍വെയും ചേര്‍ന്ന് ബ്രസ്സല്‍സില്‍ സംഘടിപ്പിച്ച യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സൗദി വിദേശ മന്ത്രി പറഞ്ഞു. ഗാസയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. അതുകൊണ്ടു തന്നെ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണം. ബന്ദികളെ മോചിപ്പിക്കുന്നതുള്‍പ്പെടെയുള്ള അടിയന്തിര വെടിനിര്‍ത്തലിന്റെ ആവശ്യകതയെ കുറിച്ച് അന്താരാഷ്ട്ര സമൂഹം പൊതുധാരണയിലെത്തിയിട്ടുണ്ട്. ഗാസയിലെ മാനുഷിക സാഹചര്യം അതിവേഗത്തിലും അസ്വീകാര്യമായ രീതിയിലും വഷളായിക്കൊണ്ടിരിക്കുകയാണ്.
ഗാസ സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംയുക്ത അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതി ഗാസയിലെ പ്രതിസന്ധി പരിഹരിക്കാനും ഫലസ്തീന്‍ രാഷ്ട്ര സ്ഥാപന പ്രശ്‌നം മുന്നോട്ടുകൊണ്ടുപോകാനും ലക്ഷ്യമിടുന്നു. മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും അടിത്തറയായിരിക്കും ദ്വിരാഷ്ട്ര പരിഹാരം. സ്‌പെയിനും അയര്‍ലന്റും നോര്‍വെയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് പ്രശംസനീയമാണ്. മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും മറ്റേതാനും രാജ്യങ്ങളും ഈ ദിശയില്‍ ആലോചിക്കുന്നുണ്ട്.
അന്താരാഷ്ട്ര സംവിധാനത്തിന്റെ നിയമസാധുത സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഫലസ്തീന്‍ അതോറിറ്റി ഭരണകൂട സ്ഥാപനങ്ങളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത് അയല്‍ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഉള്‍പ്പെടെയുള്ള ചുമതലകള്‍ നിറവേറ്റാന്‍ ഫലസ്തീന്‍ രാഷട്രത്തിന് ശേഷിയുണ്ടെന്ന് തെളിയിക്കും.
അന്താരാഷ്ട്ര മാനുഷിക നിയമം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന് പിന്നില്‍ നില്‍ക്കാന്‍ അന്താരാഷ്ട്ര സമൂഹം തീരുമാനിക്കുകയാണെങ്കില്‍, ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിന് എന്നെന്നേക്കുമായി തുരങ്കം വെക്കാന്‍ കഴിയില്ലെന്നുമുള്ളതിന് ഇസ്രായിലിനുള്ള സൂചനയായി അത് മാറും. ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തെ അംഗീകരിക്കില്ലെന്ന നിലവിലെ ഇസ്രായില്‍ ഗവണ്‍മെന്റിന്റെ നിലപാട് അങ്ങേയറ്റം ആശങ്കയുളവാക്കുന്നതായും സൗദി വിദേശ മന്ത്രി പറഞ്ഞു.
2024 ഏപ്രില്‍ 19 ന് റിയാദില്‍ നടന്ന യോഗത്തിന്റെ പൂര്‍ത്തീകരണമെന്നോണമാണ് സൗദി വിദേശ മന്ത്രിയുടെ നേതൃത്വത്തിലുള്ള അറബ്, ഇസ്‌ലാമിക് മന്ത്രിതല സമിതി ബ്രസ്സല്‍സില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായും പ്രതിനിധികളുമായും ചര്‍ച്ച നടത്തിയത്. അള്‍ജീരിയ, ഓസ്ട്രിയ, ബഹ്‌റൈന്‍, ബെല്‍ജിയം, ഡെന്മാര്‍ക്ക്, ഈജിപ്ത്, ജര്‍മനി, ഇന്തോനേഷ്യ, അയര്‍ലന്റ്, ജോര്‍ദാന്‍, ലാത്വിയ, പോര്‍ച്ചുഗല്‍, ഖത്തര്‍, റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ, ഫലസ്തീന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, തുര്‍ക്കി, യു.എ.ഇ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരും പ്രതിനിധികളും ഒ.ഐ.സി പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു. അടിയന്തിര വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കല്‍, ഗാസയില്‍ യുദ്ധം അവസാനിപ്പിക്കല്‍, റഫ ക്രോസിംഗ് നിയന്ത്രിക്കല്‍ അടക്കം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ നിയമവിരുദ്ധവും ഏകപക്ഷീയവുമായ എല്ലാ നടപടികളും അവസാനിപ്പിക്കാനും മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണാനും ലക്ഷ്യം വെച്ചുള്ള ശ്രമങ്ങള്‍ക്ക് യോഗം പിന്തുണ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group