ശ്രദ്ധിച്ചിട്ടില്ലേ, ഷറഫിയയിൽ ഏതു നിമിഷവും ബഹളമാണ്. തിരക്കാണ്. പ്രവാസി അവന്റെ ജീവതത്തിലെ സന്തോഷങ്ങൾക്കും ആഹ്ലാദങ്ങൾക്കുമായി തിരഞ്ഞെടുത്തൊരിടമാണ് ഷറഫിയ. ജിദ്ദയിൽനിന്ന് നാട്ടിലേക്ക് പോകുന്നവർ ഒരിക്കലെങ്കിലും ഷറഫിയയിൽ വരുമെന്നുറപ്പ്. ഈ ബഹളങ്ങൾക്കിടയിൽ ഷറഫിയയിൽ മറ്റൊരിടമുണ്ട്. വേർപ്പെട്ടുപോയവർക്കായി ഉറ്റവർ മൗനമായി പ്രാർത്ഥിക്കുന്നൊരിടം. ഷറഫിയ ഹോട്ടൽ. നാട്ടിൽ മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥനയുമായി ഒത്തൂകൂടുന്ന ഒരിടം.
എല്ലാ വെള്ളിയാഴ്ചയും മയ്യിത്ത് നമസ്കാരത്തിനായി മൂന്നുറ്റമ്പതിലധികം ആളുകളാണ് ഇവിടെ ഒത്തുകൂടുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറിലേറെ പേർക്കായി മയ്യിത്ത് നമസ്കാരം നടക്കുന്നു. മരിച്ചവരുടെ ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും ഒത്തുകൂടുന്നു. ഒരേ സമയം നൂറു കണക്കിന് പരേതർക്ക് വേണ്ടിയുള്ള ഒരുമിച്ചുകൂടൽ പ്രാർത്ഥനയും പ്രവാസ ലോകത്ത് മാത്രമായിരിക്കും നടക്കുന്നത്.
നേരത്തെ ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്നിരുന്ന ഈ സംവിധാനം ഒന്നര വർഷം മുമ്പാണ് ഷറഫിയ ഹോട്ടലിലേക്ക് മാറ്റിയത്. തികച്ചും സൗജന്യമായാണ് ഇതിന് വേണ്ട സൗകര്യങ്ങൾ ഹോട്ടലുടമയായ എയർലൈൻ മുസ്തഫ ഒരുക്കിയിരിക്കുന്നത്. നിസ്കാരം കഴിഞ്ഞിറങ്ങുന്നവർക്ക് പായസവും കരുതും.
മുസ്തഫയുടെ മകൻ സ്വാലിഹ് എന്ന കുട്ടിപ്പയാണ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. സഹായത്തിനായി ജാഫർ വണ്ടൂരും കൂടെയുണ്ട്. മുഹമ്മദലി ഉസ്താദ് കാപ്പ് ആണ് മയ്യിത്ത് നിസ്കാരത്തിനും തുടർന്നുള്ള പ്രാർത്ഥനക്കും നേതൃത്വം ഹിക്കുന്നത്.നേരത്തെ മറ്റു പല പണ്ഡിതൻമാരും നേതൃത്വം കൊടുത്തിരുന്നു.
വേർപാട് തീർക്കുന്ന സങ്കടത്തിൽനിന്ന് പ്രവാസിയെ ചേർത്തുപിടിച്ച് ഷറഫിയ ഹോട്ടൽ ഈ നഗരത്തിന്റെ ഹൃദയത്തിലൊരിടം തീർക്കുന്നു.