സൻആ: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷാനടപടികൾ യെമൻ കോടതി താൽക്കാലികമായി നീട്ടിവെച്ചു. കേന്ദ്ര സർക്കാറിന്റെ ഇടപെടലിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട യെമനിൽ പ്രവർത്തിക്കുന്ന യെമനി പൗരനാണ് ഇക്കാര്യം സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനെ അറിയിച്ചത്.
നിമിഷ പ്രിയയെ കാണാൻ യെമനിൽ എത്തിയ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയുടെ വിസ നീട്ടി. ഇതോടെ ഇവർക്ക് യെമനിൽ തുടരാനാകും. നേരത്തെ മൂന്നു മാസത്തെ വിസയാണ് പ്രേമകുമാരിക്ക് അനുവദിച്ചിരുന്നത്. രണ്ടു മാസത്തോളം മറ്റു നടപടിക്രമങ്ങൾക്ക് വേണ്ടി ചെലവിട്ടിരുന്നു.
കഴിഞ്ഞ മാസമാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ എത്തിയത്. ഇവർ ജയിലിൽ എത്തി നിമിഷ പ്രിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകളും അനുബന്ധ കാര്യങ്ങളും അടുത്ത ആഴ്ച വീണ്ടും ആരംഭിക്കുമെന്നും നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
നിമിഷപ്രിയയുടെ മോചനം സാധ്യമാക്കുന്നതിനുള്ള അനുരഞ്ജന ചർച്ചകൾക്കുള്ള തുക കണ്ടെത്താനുള്ള നീക്കം സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഊർജ്ജിതമാക്കി.