മക്ക – നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഹജ് തീര്‍ഥാടകര്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. നുസുക് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ബദല്‍ കാര്‍ഡ് പ്രിന്റ് ചെയ്യാന്‍ ഗ്രൂപ്പ് ലീഡറെ വിവരമറിയിക്കണം. ആവശ്യമുള്ള സമയത്ത് ഉപയോഗിക്കാന്‍ നുസുക് ആപ്പില്‍ പ്രവേശിച്ച് ഡിജിറ്റല്‍ കാര്‍ഡും പ്രയോജനടപ്പെടുത്താവുന്നതാണ്. കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള സുരക്ഷാ സൈനികനെ വിവമറിയിച്ചാലും മതി.
ഏകീകൃത കോള്‍സെന്ററായ 1966 ല്‍ ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയും ഇക്കാര്യത്തില്‍ സഹായം തേടാന്‍ സാധിക്കും. ഏറ്റവുമടുത്ത നുസുക് സെന്റര്‍ ശാഖകളെ സമീപിക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
തീര്‍ഥാടന യാത്രയിലെ എല്ലാ ഘട്ടങ്ങളിലും സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ലഭിക്കുന്നത് ഉറപ്പാക്കാന്‍ ഹജ് തീര്‍ഥാടകര്‍ നുസുക് കാര്‍ഡ് നിര്‍ബന്ധമായും കൈവശം വെക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ തീര്‍ഥാടകരെ പ്രാപ്തരാക്കുന്ന അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ആണ് നുസുക് കാര്‍ഡ്. തീര്‍ഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നുസുക് കാര്‍ഡില്‍ അടങ്ങിയിരിക്കുന്നു.
തീര്‍ഥാടകര്‍ക്ക് വേഗത്തിലും കാര്യക്ഷമമായും സഹായങ്ങള്‍ നല്‍കാന്‍ നുസുക് കാര്‍ഡ് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കും. നിയമാനുസൃതം ഹജ് കര്‍മം നിര്‍വഹിക്കുന്നവരെ തിരിച്ചറിയാനുള്ള വ്യതിരിക്തമായ സുരക്ഷാ സവിശേഷതകളും ഹജ് പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റും നുസുക് കാര്‍ഡില്‍ അടങ്ങിയിരിക്കുന്നതായും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.