റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജില്‍ വ്യാജ എന്‍ജിന്‍ ഓയില്‍ നിര്‍മാണ കേന്ദ്രം നടത്തിയ വിദേശികളെ വാണിജ്യ മന്ത്രാലയ സംഘം പിടികൂടി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് പഴയ എന്‍ജിന്‍ ഓയില്‍ ശേഖരിച്ച് സംസ്‌കരിച്ച് അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള സ്റ്റിക്കറുകള്‍ പതിച്ച പുതിയ ടിന്നുകളില്‍ നിറച്ച് മൊത്തമായി വിതരണം നടത്തുകയാണ് നിയമ ലംഘകര്‍ ചെയ്തിരുന്നത്. ബന്ധപ്പെട്ട വകുപ്പുകളുടെയും സുരക്ഷാ വകുപ്പുകളുടെയും ശ്രദ്ധയില്‍ പെടാതിരിക്കുന്നതിന് ആടുവളര്‍ത്തല്‍ കേന്ദ്രമാക്കി മാറ്റിയ വെയര്‍ഹൗസ് ആണ് വ്യാജ എന്‍ജിന്‍ ഓയില്‍ നിര്‍മാണത്തിന് നിയമ ലംഘകര്‍ ഉപയോഗിച്ചിരുന്നത്.
സ്ഥാപനം ബിനാമിയായി വിദേശികള്‍ നടത്തുകയായിരുന്നു എന്നാണ് കരുതുന്നത്. സുരക്ഷാ വകുപ്പുകളുമായും സിവില്‍ ഡിഫന്‍സുമായും സഹകരിച്ച് അനധികൃത സ്ഥാപനം വാണിജ്യ മന്ത്രാലയം അടപ്പിച്ചു. വാണിജ്യ വഞ്ചന, ബിനാമി ബിസിനസ് വിരുദ്ധ നിയമങ്ങള്‍ അനുസരിച്ച ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
വില്‍പനക്ക് തയാറാക്കിയ 270 ലിറ്റര്‍ ശേഷിയുള്ള 600 വീപ്പ എന്‍ജിന്‍ ഓയിലും 70 കാലി വീപ്പകളും പഴയ എന്‍ജിന്‍ ഓയിലുകള്‍ സൂക്ഷിച്ച 60 ടാങ്കുകളും പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള 5,000 സ്റ്റിക്കറുകളും വ്യാജ എന്‍ജിന്‍ ഓയില്‍ നിര്‍മാണത്തിനും പേക്കിംഗിനുമുള്ള ഉപകരണങ്ങളും മറ്റും കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തു. സൗദിയില്‍ വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.