ജിദ്ദ: മറ്റെന്തിനും ഒരു പ്രായം ഉണ്ടായേക്കാം, എന്നാൽ സർവ്വധനാൽ പ്രധാനമായ വിദ്യ കൈവരിക്കുന്നതിൽ അപ്രധാനവും അപ്രസക്തവുമാണ് പ്രായം. സൗദിയിലെ ഹുദാ അൽഉബൈദാ ഇക്കാര്യം ഒരിക്കൽ കൂടി സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു.
ഹായിൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇയ്യിടെ എക്സലന്റ് നിലയിൽ ബിരുദധാരിണിയായി പുറത്തിറങ്ങിയ ഹുദാ അൽഉബൈദാ അറുപത്തി മൂന്ന് വയസ്സ് പിന്നിട്ട ഒരു വീട്ടമ്മയാണ്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ പടിയിറങ്ങിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ട അവർ ഒരു വെല്ലുവിളിയായും മാതൃകയായും വീണ്ടും വിക്ജ്ഞാന കാമ്പസിലെ കൗമാരക്കാരിയായി.
വിദ്യാലയങ്ങളിലെ പഠനം നിർത്തി നാല്പത് കൊല്ലം കഴിയുന്ന വേളയിൽ സൈക്കോളജിയിൽ ലഭിച്ച ബിരുദം “നക്ഷത്രങ്ങളെ കൈയിൽ എടുത്ത” പ്രതീതിയാണ് ഉണ്ടാക്കിയതെന്ന് ഹുദാ മീഡിയകളോട് വിശേഷിപ്പിച്ചു. “പ്രായം പിന്നിടുന്നതിനനുസരിച് കൃത്യം വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതാണെങ്കിലും പഠനം ഒരു ഹരമാക്കി അതിൽ മുഴുകയായിരുന്നു” – അവർ വിവരിച്ചു.
യൂണിവേഴ്‌സിറ്റി പഠനം നടത്തുന്ന നാല് മക്കളുടെ മാതാവാണ് ഹുദാ. അവരോട് ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾക്ക് പുറമെ ജീവിച്ചിരിക്കുന്ന സ്വന്തം മാതാവിനോടുള്ള കടമകളും പഠനത്തിൽ സ്വയം വ്യാപൃതയായ ഹുദാ നിറവേറ്റി കൊണ്ടിരുന്നു.
ബാച്ചിലർ ബിരുദത്തിന് മനഃശാസ്ത്രം തിരഞ്ഞെടുത്തതിനെ കുറിച്ച് ഹുദാ പറഞ്ഞത്: “എന്നെയും എൻ്റെ കുടുംബത്തെയും സമൂഹത്തെയും സേവിക്കാനുള്ള എൻ്റെ ആഗ്രഹം മനഃശാസത്രം ബിരുദം പഠിക്കുന്നതിൽ എന്നെ എത്തിച്ചു. ആളുകൾക്കിടയിൽ ഞാൻ കണ്ട നിരവധി മാനസിക ദൗർബല്യം കാരണം അവരെ പരിപാലിക്കാൻ ഒരു മനഃശാസ്ത്രപരവും വിനോദപരവുമായ കേന്ദ്രം തുറക്കാൻ ഞാൻ ആഗ്രഹിക്കുന്നു”.
“അറിവ് മനുഷ്യജീവിതത്തിന് ഒരു പ്രധാന അവകാശമാണ്. വിക്ജ്ഞാന സമ്പാദനത്തിൽ മറ്റുള്ളവർക്ക് ഒരു മാതൃകയാകാൻ ഞാൻ സ്വയം തീരുമാനിക്കുകയായിരുന്നു”. ഭർത്താവും മക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വലിയ പ്രോത്സാഹനവും സഹകരണവുമാണ് തനിക്ക് തന്നതെന്നും ഹുദാ പറഞ്ഞു.