തിരുവനന്തപുരം: ബാര്‍കോഴ വിവാദങ്ങള്‍ക്കിടെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വിദേശത്തേക്ക്. കുടുംബത്തോടൊപ്പമാണു യാത്ര. ഫ്രാൻസ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യാത്ര നേരത്തെ നിശ്ചയിച്ചതാണ്. ജൂണ്‍ ആദ്യം അദ്ദേഹം മടങ്ങിയെത്തും. അതേസമയം, സ്വകാര്യ സന്ദർശനമായതിനാൽ സർക്കാർ ഫണ്ട് ഉപയോഗിച്ചല്ല യാത്രയെന്ന് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഇതിനിടെ, ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി നല്കിയ പരാതിയിലെ തുടര്‍ നടപടികള്‍ ഉടന്‍ തീരുമാനിക്കും. ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡിജിപിക്ക് കത്ത് നൽകിയിരുന്നു. വിഷയത്തിൽ മുതലെടുപ്പിന് ഇറങ്ങിയവരും പണം നൽകുന്നവരും കുടുങ്ങുമെന്ന് എം.ബി.രാജേഷ് വ്യക്തമാക്കിയിരുന്നു.