തിരുവനന്തപുരം – ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വര്‍ഷം പരോള്‍ ഇല്ലാതെ ഒന്നാം പ്രതി നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഇത്തരവില്‍ വ്യക്തമാക്കി. രണ്ടാം പ്രതി അനുശാന്തി ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു.
2014 ലാണ് കേസിന് ആസ്പദമായ സംഭവം. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ നേരത്തെ വിവാഹിതയായിരുന്ന അനുശാന്തിക്ക് ഈ ബന്ധത്തില്‍ നാല് വയസ് പ്രായമുണ്ടായിരുന്ന കുഞ്ഞുണ്ടായിരുന്നു. സ്വാസ്തികയെന്ന ഈ കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മ ഓമനയെയും കൊലപ്പെടുത്തിയ കേസിലാണ് ഇവരെ കോടതി ശിക്ഷിച്ചത്. നിനോ മാത്യുവാണ് കൊലപാതകങ്ങള്‍ നടത്തിയത്.
അനുശാന്തി നിനോ മാത്യുവിന് ഫോണിലൂടെ അയച്ചു നല്‍കിയ വീടിന്റെ ചിത്രങ്ങളും, വഴിയുമടക്കമുള്ള ഡിജിറ്റില്‍ തെളിവുകള്‍ നിര്‍ണ്ണായകമായ കേസില്‍ 2016 ഏപ്രിലിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. നിനോ മാത്യുവിനെ വധശിക്ഷയ്ക്കും അനുശാന്തിയെ ഇരട്ട ജീവപര്യന്തം തടവിനുമായിരുന്നു കോടതി ശിക്ഷിച്ചത്. കാമ പൂര്‍ത്തീകരണത്തിനാണ് പ്രതികള്‍ പിഞ്ച് കുഞ്ഞിനെയും വൃദ്ധയേയും കൊലപ്പെടുത്തിയതെന്നും സൗദി അറേബ്യയില്‍ ലഭിക്കുന്ന മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചു കഴുകിയാലും പ്രതികളുടെ കൈയിലെ ദുര്‍ഗന്ധം മാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.