ജിദ്ദ – ആഗോള വിപണികളില്‍ സൗദി ഈത്തപ്പഴം ഓണ്‍ലൈന്‍ ആയി വിപണനം ചെയ്യാന്‍ ചൈനീസ് ഓണ്‍ലൈന്‍ വ്യാപാര ഭീമനായ അലി ബാബ കമ്പനിയുമായി നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് ചര്‍ച്ചകള്‍ നടത്തി. ചൈനയിലെ ഹാങ്‌ഷോയില്‍ അലി ബാബ കമ്പനി ആസ്ഥാനത്തു വെച്ചാണ് ഇക്കാര്യത്തില്‍ സൗദി അധികൃതര്‍ ചര്‍ച്ച നടത്തിയത്.
അലി ബാബ കമ്പനി ആസ്ഥാനത്തേക്ക് നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് സംഘടിപ്പിച്ച ആറുദിന സന്ദര്‍ശനത്തില്‍ 23 സൗദി ഈത്തപ്പഴ കമ്പനികള്‍ പങ്കെടുത്തു. ഈ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ആഗോള വിപണികളില്‍ വിപണനം ചെയ്യാന്‍ അലി ബാബ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച ചര്‍ച്ചകള്‍ക്കാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. ചൈനീസ് വിപണിയിലേക്കും മറ്റു ലോക വിപണികളിലേക്കും സൗദി ഈത്തപ്പഴ കയറ്റുമതി ഉയര്‍ത്താനും സൗദി ഈത്തപ്പഴ വിപണന പ്രക്രിയ ശക്തമാക്കാനും ലക്ഷ്യമിട്ട്, ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ചൈനീസ് കമ്പനികള്‍ക്കു മുന്നിലും സൗദി ഈത്തപ്പഴ കമ്പനികള്‍ തങ്ങളുടെ പ്രധാന ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
അലി ബാബ പ്ലാറ്റ്‌ഫോം വഴി ആഗോള തലത്തില്‍ സൗദി ഈത്തപ്പഴത്തിന്റെ വിപണനം ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സും സൗദി കമ്പനികളും ചൈന സന്ദര്‍ശിച്ചതെന്ന് സെന്റര്‍ സി.ഇ.ഒ ഡോ. മുഹമ്മദ് അല്‍നുവൈറാന്‍ പറഞ്ഞു. അലി ബാബ പ്ലാറ്റ്‌ഫോമുമായുള്ള സഹകരണം വ്യത്യസ്ത ലോക രാജ്യങ്ങളില്‍ സൗദി ഈത്തപ്പഴം എത്തിക്കുന്നത് എളുപ്പമാക്കും. കഴിഞ്ഞ ഡിസംബറില്‍ റിയാദില്‍ സംഘടിപ്പിച്ച ഈത്തപ്പഴ എക്‌സിബിഷനോടനുബന്ധിച്ച് സൗദി ഈത്തപ്പഴ കമ്പനികളും അലി ബാബ കമ്പനിയും ഒപ്പുവെച്ച പങ്കാളിത്ത കരാറിന്റെ തുടര്‍ച്ചയെന്നോണമാണ് അലി ബാബ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താനുള്ള പുതിയ നീക്കം.
സന്ദര്‍ശനത്തിനിടെ അലി ബാബ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലും സൗദി ഉല്‍പന്നങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നതിലും വിപണനം ചെയ്യുന്നതിലും സൗദി ഈത്തപ്പഴ കമ്പനികള്‍ക്ക് പരിശീലനം നല്‍കാന്‍ ഏതാനും ശില്‍പശാലകള്‍ സംഘടിപ്പിച്ചു. പങ്കാളിത്തങ്ങള്‍ സ്ഥാപിക്കാനും ലോജിസ്റ്റിക്‌സ് പ്രക്രിയയും വിപണനവും പേക്കിംഗും എളുപ്പമാക്കാനും ലക്ഷ്യമിട്ട് സൗദി കമ്പനികളും ചൈനീസ് കമ്പനികളും കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തി. ഉല്‍പന്ന വിപണനത്തിന് അലി ബാബ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തുന്നതിന് ഭക്ഷ്യമേഖലയിലെ ഏതാനും ചൈനീസ് ബഹുരാഷ്ട്ര കമ്പനികളുമായും സന്ദര്‍ശനത്തിനിടെ കൂടിക്കാഴ്ചകള്‍ നടത്തിയതായി ഡോ. മുഹമ്മദ് അല്‍നുവൈറാന്‍ പറഞ്ഞു.
കഴിഞ്ഞ കൊല്ലം സൗദി ഈത്തപ്പഴ കയറ്റുമതിയില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 146.2 കോടി റിയാലിന്റെ ഈത്തപ്പഴമാണ് കഴിഞ്ഞ വര്‍ഷം വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. 2022 ല്‍ ഈത്തപ്പഴ കയറ്റുമതി 128 കോടി റിയാലായിരുന്നു. 2016 മുതല്‍ 2023 വരെയുള്ള കാലത്ത് ഈത്തപ്പഴ കയറ്റുമതി 152 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സൗദി ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 119 ആയും ഉയര്‍ന്നു.