തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നു. രണ്ട് ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചത്.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്തോട് ചേർന്ന് തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറി, നാളെയോടെ ഇത് ‘റിമാൽ’ ചുഴലിക്കാറ്റായി മാറാനും സംസ്ഥാനത്ത് തോരാമഴയ്ക്കും സാധ്യതയുണ്ട്.
തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിലും പ്രത്യേക ജാഗ്രത അനിവാര്യമാണ്. കുറഞ്ഞ സമയത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇതിനകം പലേടത്തും കനത്ത നാശനഷ്ടങ്ങളാണ് റിപോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് 228 പേരെ എട്ടു ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group