ജിദ്ദ – ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനത്തോടു കൂടിയ വാര്‍ഷിക അവധിക്ക് അവകാശമുള്ളതായി ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്രോഗ്രാം വ്യക്തമാക്കി. രണ്ടു വര്‍ഷം ജോലിയില്‍ പൂര്‍ത്തിയാക്കുകയും തത്തുല്യ കാലത്തേക്ക് തൊഴില്‍ കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന പക്ഷം ഗാര്‍ഹിക തൊഴിലാളിക്ക് വേതനത്തോടു കൂടി ഒരു മാസത്തെ അവധി ലഭിക്കാന്‍ അവകാശമുണ്ടെന്ന് മുസാനിദ് വ്യക്തമാക്കി.
പുതിയ വിസകളിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ മുസാനിദ് പ്ലാറ്റ്‌ഫോം വഴി ഇന്‍ഷുര്‍ ചെയ്യുന്ന സേവനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. തൊഴില്‍ കരാറിന്റെ തുടക്കം മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് കരാര്‍ ഇന്‍ഷുര്‍ ചെയ്യുക.
രണ്ടു വര്‍ഷത്തിനു ശേഷം കരാര്‍ ഇന്‍ഷുര്‍ ചെയ്യാനും ചെയ്യാതിരിക്കാനും തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഗാര്‍ഹിക തൊഴിലാളി ഒളിച്ചോടുകയോ മരണപ്പെടുകയോ ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം മാറാരോഗങ്ങള്‍ പിടിപെടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ റിക്രൂട്ട്‌മെന്റ് ചെലവുകള്‍ക്ക് തൊഴിലുടമക്ക് നഷ്ടപരിഹാരം, തൊഴിലാളിയുടെ മൃതദേഹവും വ്യക്തിഗത വസ്തുക്കളും സ്വദേശത്തേക്ക് അയക്കാനുള്ള ചെലവ്, അപകടങ്ങളും മറ്റും കാരണം തൊഴിലുടമക്ക് വേതനം വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങളിലും തൊഴിലുടമയുടെ മരണം കാരണം വേതനം ലഭിക്കാത്ത സാഹചര്യങ്ങളിലും വേലക്കാര്‍ക്ക് നഷ്ടപരിഹാരം എന്നിവ അടക്കം വ്യത്യസ്ത സാഹചര്യങ്ങളില്‍ വേലക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ഇന്‍ഷുറന്‍സ് സേവനം നഷ്ടപരിഹാരം ഉറപ്പാക്കുന്നു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ 29 രാജ്യങ്ങളില്‍ നിന്നുള്ള 37 ലക്ഷത്തിലേറെ ഗാര്‍ഹിക തൊഴിലാളികളുണ്ട്.