പാലക്കാട്: ക്വാറിയിലേക്ക് കാൽ വഴുതിവീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേർ മരിച്ചു. പാലക്കാട് പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠൻ മകൻ മേഘജ് (18), രവീന്ദ്രൻ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30-നാണ് ദാരുണ സംഭവം.
വീടിനടുത്തുളള ക്വറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയിൽ മേഘജ് കാൽ വഴുതി ക്വാറി കുഴിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് രക്ഷിക്കാൻ ശ്രമിച്ച അഭയും അപകടത്തിൽ പെടുകയായിരുന്നു. ഇത് കണ്ട സമീപവാസി ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോങ്ങാട് അഗ്നിശമന സേനയെത്തി തിരച്ചിൽ നടത്തി ആദ്യം മേഘജിന്റെയും 12.30-ഓടെ അഭയിന്റെയും മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു.
പുലാപ്പറ്റ എം.എൻ.കെ.എം സ്കൂളിൽ നിന്നും ഈവർഷം പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിയാണ് മേഘജ്. നെഹ്റു കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് അഭയ്. ക്വാറിയിൽ 50 അടിയോളം താഴ്ചയിൽ വെള്ളമുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group