1988 ഓഗസ്റ്റ് 17
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാനനഗരങ്ങളിലൊന്നായ ഭവല്‍പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന സി-130 വിമാനം കൃത്യം മൂന്ന് മിനുട്ട് ഇരുപത് സെക്കന്റുകള്‍ക്ക് ശേഷം പൊടുന്നനവെ തകര്‍ന്നു വീണു. പാക് പ്രസിഡന്റ് ജനറല്‍ മുഹമ്മദ് സിയാവുല്‍ ഹഖ്, പാകിസ്ഥാനിലെ അമേരിക്കന്‍ അംബാസഡര്‍ ആര്‍ണോള്‍ഡ് റാഫേല്‍ എന്നിവരുള്‍പ്പെടെ പതിനേഴ് അതിവിശിഷ്ട യാത്രക്കാരും പതിമൂന്ന് വിമാനജോലിക്കാരും സെക്കന്റുകള്‍ക്കകം കത്തിച്ചാമ്പലായി താഴേക്ക് ചിതറി വീണു. വിമാനം ഏറെക്കുറെ ചാമ്പലായിത്തീര്‍ന്നു.
പാകിസ്ഥാന്റെ ആറാമത്തെ ഭരണാധികാരിയും സൈനികമേധാവിയുമായ ജനറല്‍ സിയാവുല്‍ഹഖിന്റെ മരണത്തിലേക്ക് നയിച്ച ഈ ദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് പാകിസ്ഥാനകത്തും പുറത്തും വാര്‍ത്ത പ്രചരിക്കുകയും അമേരിക്ക മുന്‍കൈയെടുത്ത് സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തുവെങ്കിലും ഈ അപകടത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. അന്വേഷണം അമേരിക്കയും പാകിസ്ഥാനും അവസാനിപ്പിക്കുകയും ചെയ്തു.
സറ്റ്‌ലജ് നദിക്ക് സമീപം ചിതറി വീണ വിമാനാവശിഷ്ടങ്ങളുടേയും കത്തിക്കരിഞ്ഞ് തിരിച്ചറിയാനാവാത്ത മുപ്പത് മൃതദേഹങ്ങളുടേയും ഭീകരൃശ്യങ്ങളാണ് ടെലിവിഷന്‍ ക്യാമറകള്‍ കവര്‍ന്നെടുത്തത്. അപ്പോഴും പക്ഷേ ജനറല്‍ സിയാവുല്‍ഹഖിന്റെ മൃതദേഹം ഏതാണെന്നോ അതെങ്ങനെ തിരിച്ചറിയാനാവുമെന്നോ ഉള്ള വലിയ പ്രതിസന്ധിയിലായി പാക് പട്ടാളവും ഉയര്‍ന്ന അന്വേഷണോദ്യോഗസ്ഥരും ഒപ്പം വ്യോമയാന – സുരക്ഷാ ജീവനക്കാരും. പല ഭാഗങ്ങളിലായി ചിന്നിച്ചിതറി അംഗഭംഗം വന്ന മുപ്പത് ജഡങ്ങള്‍ക്കിടയില്‍ പ്രസിഡന്റിന്റെ മൃതദേഹമെവിടെയെന്ന അന്വേഷണം കൂടുതല്‍ ശക്തമായി. സിയാവുല്‍ഹഖിന്റെ കുടുംബാംഗങ്ങള്‍ക്ക് പോലും മൃതദേഹം തിരിച്ചറിയാനാവാത്ത അവസ്ഥ.
ഒടുവില്‍ സറ്റ്‌ലജ് നദീമുഖത്ത് ഭവല്‍പൂരിന്റെ മണ്ണിലെ പുല്‍ക്കൂമ്പാരങ്ങളില്‍ ചിതറിക്കിടന്ന ജഡാവശിഷ്ടത്തിന്റെ ഒരു മുന്‍വരി പല്ലില്‍ നിന്നാണ് അത് സിയാവുല്‍ഹഖിന്റെ മൃതദേഹമാണെന്ന് ഏറ്റവുമടുത്ത അംഗരക്ഷകന്‍ കണ്ടെത്തിയത്. അതെ, പാകിസ്ഥാനെ വിറപ്പിച്ച ഭരണാധികാരിയെ മറവ് ചെയ്യുന്നതിനു തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ ജഡം തിരിച്ചറിയാന്‍, ലോകത്തെ നടുക്കിയ വിമാനാപകടത്തിലും പരിക്കൊന്നുമേല്‍ക്കാതെ കിടന്ന ആ മുന്‍വരിപ്പല്ലാണ് സഹായിച്ചത്.