കൊച്ചി: വിദേശത്തേക്ക് ആളുകളെ എത്തിച്ചുള്ള അവയവക്കടത്ത് കേസിൽ പിടിയിലായ പ്രതി തൃശൂർ വല്ലപ്പാട് സ്വദേശി സബിത്ത് നാസറിനെ കോടതി റിമാൻഡ് ചെയ്തു. അങ്കമാലി സെഷൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതിയെ വിട്ടുകിട്ടാനായി അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
പ്രതിയുടെ ഫോൺ രേഖകളിൽനിന്ന് ഇരകളായ 20 പേരുടെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. ഇതിൽ ഒരാൾ പാലക്കാട് സ്വദേശിയും 19 പേർ ഉത്തരേന്ത്യക്കാരുമാണെന്നാണ് പ്രാഥമിക വിവരം. ഇരകൾക്ക് ആറ് ലക്ഷം വീതം നൽകിയെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ കെണിയിൽ പെട്ട ഇരകൾ ഇതിലും കൂടുതലുണ്ടാകുമെന്നാണ് കരുതുന്നത്. ദേശീയ ഏജൻസികളും കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വിൽപ്പന നടത്തുന്ന സംഘത്തിലൈ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് വിവരം. രാജ്യാന്തര അവയവക്കടത്ത് സംഘങ്ങളുമായും മറ്റും പ്രതിക്കുള്ള ബന്ധം, പ്രതിയുടെ ചൂണ്ടയിൽ കുടുങ്ങിയവരും മാഫിയാ സംഘത്തിലെ സഹായികളെയും കുറിച്ച വിവരങ്ങളുമെല്ലാം അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്.
സാധാരണക്കാരെ സമീപിച്ച് പണം വാഗ്ദാനം ചെയ്ത് അവരെ വിദേശത്ത് കൊണ്ടുപോയി അവയവങ്ങൾ വൻ തുകക്കു കച്ചവടമാക്കുന്നതാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ രീതി. ആദ്യം കുവൈത്തിലും പിന്നീട് ഇറാനിലും എത്തിച്ചാണ് സാമ്പത്തിക ചൂഷണം. വ്യാജ ആധാർ കാർഡും പാസ്‌പോർട്ടുമടക്കം സംഘടിപ്പിച്ച് ഇറാനിലെ ആശുപത്രിയിൽനിന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് വൻ റാക്കറ്റാണ് പിന്നിലുള്ളത്. ഈ കണ്ണിയിലുള്ളവരിലേക്ക് അന്വേഷണം എത്താനും കൂടുതൽ പ്രതികളെ പുറത്തുകൊണ്ടുവരാനും പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കൂടുതൽ സാധിക്കുമെന്നാണ് കരുതുന്നത്.
ഇയാൾക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇന്നലെയാണ് പ്രതി നെടുമ്പാശ്ശേരി പോലീസിന്റെ വലയിലായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group