റിയാദ് – സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തില്‍ എയര്‍ബസ് കമ്പനിയുമായി ഏറ്റവും വലിയ വിമാന ഇടപാടിന് കരാര്‍ ഒപ്പുവെച്ച് ദേശീയ വിമാന കമ്പനിയായ സൗദിയ ഗ്രൂപ്പ്. സൗദിയക്കും സൗദിയക്കു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീല്‍ കമ്പനിക്കും വേണ്ടി 105 വിമാനങ്ങള്‍ വാങ്ങാനാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തില്‍ സൗദിയ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അല്‍ഉമര്‍ വെളിപ്പെടുത്തി.
പുതിയ ഇടപാട് പ്രകാരമുള്ള ആദ്യ വിമാനം 2026 ആദ്യ പാദത്തില്‍ സൗദിയക്ക് ലഭിക്കും. 88 വിമാനങ്ങള്‍ അഞ്ചു കൊല്ലത്തിനുള്ളില്‍ കമ്പനിക്ക് ലഭിക്കും. എയര്‍ബസ് കമ്പനിയുടെ ഏറ്റവും പുതിയ വിമാനമായ എ.എ.എ വിമാനം അഞ്ചു വര്‍ഷത്തിനുള്ളില്‍ കമ്പനിക്ക് ലഭിക്കുമെന്നും സൗദിയ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
ഈ വര്‍ഷം നാലാം പാദത്തില്‍ സൗദിയയുടെ ആദ്യ വിമാനത്തില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. ബ്ലൂടൂത്ത് സാങ്കേതികവിദ്യയില്‍ സജ്ജീകരിച്ചിട്ടുള്ളതും ഒട്ടുമിക്ക സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കും അനുയോജ്യമായതുമായ, ഏറ്റവും വ്യക്തതയുള്ള സ്മാര്‍ട്ട് വിനോദ സ്‌ക്രീനുകളും സൗദിയ വിമാനങ്ങളില്‍ ഏര്‍പ്പെടുത്തും. പുതിയ സ്‌ക്രീനുകള്‍ പുതിയ വിമാനങ്ങളിലും നിലവിലുള്ള വിമാനങ്ങളിലും ഏര്‍പ്പെടുത്തും. അടുത്ത വര്‍ഷം അവസാനത്തോടെ സൗദിയയുടെ ആദ്യ വിമാനത്തില്‍ ഈ സേവനം ലഭ്യമാകുമെന്നും ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വിമാന യാത്രക്കാരുടെ എണ്ണം 11.1 കോടിയിലെത്തി സൗദി അറേബ്യ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
2030 ഓടെ 10 കോടി യാത്രക്കാരെ സ്വീകരിക്കാന്‍ ലക്ഷ്യമിട്ട് റിയാദ് കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് മാസ്റ്റര്‍ പ്ലാനും മന്ത്രി പ്രഖ്യാപിച്ചു. വ്യോമയാന മേഖലയില്‍ പശ്ചാത്തല സൗകര്യങ്ങള്‍ നവീകരിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ട് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയം റെഡ് സീ എയര്‍പോര്‍ട്ട് തുറക്കുകയും രാജ്യത്തെ വിമാനത്താവളങ്ങള്‍ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കാനും രാജ്യത്ത് നിക്ഷേപം സുഗമമാക്കാനും ലക്ഷ്യമിട്ട് റിയാദില്‍ ലോജിസ്റ്റിക് സോണ്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. വ്യോമയാന വിദഗ്ധരും വിമാന കമ്പനി മേധാവികളും ഏവിയേഷന്‍ അധികൃതരും അടക്കം 5,000 ലേറെ പേര്‍ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.