കൊച്ചി – പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി ഉത്തരവ്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതിയുടെ അപ്പീലിലും സര്‍ക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായതിനാല്‍ പ്രതി വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് സര്‍ക്കാര്‍ വാദിച്ചു. ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്.
കോടതി വിധി കേള്‍ക്കാന്‍ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. നീതി കിട്ടിയെന്നും പ്രതി ചെയ്ത് ക്രൂരതയ്ക്ക് അര്‍ഹമായ ശിക്ഷ കിട്ടിയെന്നും നിയമ വിദ്യാര്‍ത്ഥിനിയുടെ അമ്മ പ്രതികരിച്ചു.സൗമ്യ വധക്കേസില്‍ ആളൂര്‍ വക്കീലാണ് ഗോവിന്ദച്ചാമിക്കായി ഹാജരായത്. തന്റെ കൊച്ചിന്റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഇത്രയും കാലവും മോള്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. അവള്‍ക്ക് നീതി കിട്ടാനായിരുന്നു പ്രാര്‍ത്ഥന. ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും അമ്മ പറഞ്ഞു.