ജിദ്ദ – ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസാ അപേക്ഷകളില്‍ 24 മണിക്കൂറിനകം നടപടികള്‍ പൂര്‍ത്തിയാക്കി വിസകള്‍ അനുവദിക്കുമെന്ന് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള മുസാനിദ് പ്രോഗ്രാം വ്യക്തമാക്കി. വികലാംഗ പരിചരണത്തിനുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസകള്‍ റിക്രൂട്ട്‌മെന്റ് (ഇസ്തിഖ്ദാം) ഡിപ്പാര്‍ട്ട്‌മെന്റുകളും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ വികലാംഗ സപ്പോര്‍ട്ട് സേവന കേന്ദ്രങ്ങളും വഴി ലഭിക്കും. ഫീസില്ലാതെ അനുവദിക്കുന്ന ഇത്തരം വിസകള്‍ക്ക് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്താണ് റിക്രൂട്ട്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളെയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ വികലാംഗ സപ്പോര്‍ട്ട് സേവന കേന്ദ്രങ്ങളെയും സമീപിക്കേണ്ടതെന്നും മുസാനിദ് പ്രോഗ്രാം വ്യക്തമാക്കി.
ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ ഡോക്യുമെന്റ് ചെയ്യണമെന്ന് നേരത്തെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. കരാറുകള്‍ ഡോക്യുമെന്റ് ചെയ്യുന്നത് തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോള്‍ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും നിയമാനുസൃത അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കും. ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വേതന സുരക്ഷാ സേവനം അടുത്ത ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുതിയ തൊഴില്‍ കരാറുകളില്‍ രാജ്യത്തെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ധതി നിര്‍ബന്ധമാക്കുക. നിലവില്‍ സൗദിയിലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓരോ തൊഴിലുടമയുടെയും അടുത്തുള്ള തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഘട്ടംഘട്ടമായി പദ്ധതി നിര്‍ബന്ധമാക്കും. മുസാനിദ് പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റല്‍ വാലറ്റുകളും അംഗീകൃത ബാങ്കുകളും വഴിയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വേതന സുരക്ഷാ പദ്ധതി നടപ്പാക്കുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group