ന്യൂഡൽഹി – കാശിയിലെയും മഥുരയിലെയും തർക്കപ്രദേശത്ത് ക്ഷേത്രം പണിയാൻ ബി.ജെ.പിക്ക് പദ്ധതിയില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞു. പാർട്ടിക്ക് അത്തരമൊരു ആശയമോ പദ്ധതിയോ ആഗ്രഹമോ ഇല്ലെന്നും അദ്ദേഹം ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
ആർ.എസ്.എസ് സഹായത്തോടെ നിലനിന്ന സാഹചര്യത്തിൽനിന്ന് മാറി, പാർട്ടി ഇപ്പോൾ വളർന്ന് സ്വയം പര്യാപ്തതയിലെത്തിയെന്നും ആർ.എസ്.എസ് പ്രത്യയശാസ്ത്ര സഖ്യമാണെന്നും അത് അതിന്റെ പ്രവർത്തനം നടത്തുന്നുണ്ടെന്നും നഡ്ഡ പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും ആർ.എസ്.എസിന്റെ സാന്നിധ്യത്തിലുണ്ടായ മാറ്റം സംബന്ധിച്ച ചോദ്യത്തിനാണ് നഡ്ഡയുടെ മറുപടി. തുടക്കകാലത്ത് പാർട്ടിക്ക് ശക്തി കുറവായിരുന്നു. അന്ന് ആർ.എസ്.എസിനെ ആവശ്യമായി വന്നിരുന്നു. ഇന്ന് ഞങ്ങൾ വളർന്ന് കരുത്തുള്ള പാർട്ടിയായെന്നും പറഞ്ഞു.
ബി.ജെ.പിക്ക് ഇപ്പോൾ ആർ.എസ്.എസിന്റെ പിന്തുണ ആവശ്യമേ ഇല്ലേയെന്ന ചോദ്യത്തിന്: ‘നോക്കൂ, തുടക്കത്തിൽ ഞങ്ങൾക്ക് ശക്തി കുറവായിരുന്നു. ആർ.എസ്.എസിനെ ആവശ്യമായിരുന്നു. ഇന്ന് ഞങ്ങൾ വളർന്നു, ശേഷിയുള്ളവരാണ്. അതാണ് ഇപ്പോഴത്തെ വ്യത്യാസം. പാർട്ടി നന്നായി വളർന്നു. എല്ലാവർക്കും അവരവരുടെ ചുമതലകളും റോളുകളും ലഭിച്ചു. ആർ.എസ്.എസ് ഒരു സാംസ്‌കാരിക സാമൂഹിക സംഘടനയാണ്. എന്നാൽ, ഞങ്ങളൊരു രാഷ്ട്രീയ സംഘടനയാണ്. ആർ.എസ്.എസ്സുമായുള്ളത് പ്രത്യയശാസ്ത്ര സഖ്യമാണ്. ഞങ്ങൾ കാര്യങ്ങൾ സ്വന്തം പാർട്ടി രീതിയിൽ കൈകാര്യം ചെയ്യുന്നു. രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടതും അതാണ്’ – നഡ്ഡ വിശദീകരിച്ചു.
പാർട്ടിയിലെ ചില നേതാക്കൾ ആർ.എസ്.എസ് ആശയങ്ങളിൽനിന്ന് അകലുന്നതായി ആർ.എസ്.എസ് അനുഭാവികൾ വിമർശമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് നഡ്ഡയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group