മോഡിയുടേത് നുണ ഫാക്ടറി. കോൺഗ്രസ് ആർക്കെതിരേയും ബുൾഡോസർ പ്രയോഗിച്ചിട്ടില്ലെന്ന് മല്ലികാർജുൻ ഖാർഗെ
ലഖ്‌നൗ / മുംബൈ – എൻ.ഡി.എയ്ക്ക് പകരം യു.പി.എ സർക്കാറാണെങ്കിലും അയോധ്യയിൽ ക്ഷേത്രം നിർമിക്കുമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ട്. കോൺഗ്രസ് ജയിച്ചാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനക്കുള്ള മറുപടിയെന്നോണമാണ് അദ്ദേഹം മൃദുഹിന്ദുത്വ നിലപാടിലൂന്നി ഇങ്ങനെ പ്രതികരിച്ചത്. യു.പിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു ഗെഹലോട്ട്.
കഴിഞ്ഞദിവസം യു.പിയിലെ പൊതുറാലിയിൽ സംസാരിക്കവെയാണ് അയോധ്യയിലെ രാമക്ഷേത്രം പ്രചരണായുധമാക്കി നരേന്ദ്ര മോഡി കോൺഗ്രസിനെതിരെ വിഭാഗീയ ചിന്തകളുമായി ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ യു.പി പ്രധാന ശ്രദ്ധാകേന്ദ്രമായതോടെ തീവ്ര ഹിന്ദുത്വ സമീപനവുമായി അയോധ്യയും രാമക്ഷേത്രവും പ്രചാരണ ആയുധമാക്കുകയാണ് മോഡിയും സംഘവും. തെരഞ്ഞെടുപ്പിൽ മോഡി ഫാക്ടർ ഇല്ലെന്നും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനാവില്ലെന്നും വ്യക്തമായതോടെ വഴിവിട്ട രീതിയിൽ വിഭാഗീയമായമായാണ് മോഡിയുടെ പ്രചാരണം.
അതിനിടെ, തങ്ങൾ ആർക്കുമെതിരെ ബുൾഡോസർ പ്രയോഗിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുംബൈയിൽ വ്യക്തമാക്കി. ഇനി ഭാവിയിലും അത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. നിരന്തരം നുണ പ്രചരിപ്പിക്കുന്ന സ്വഭാവം മോഡിക്കുണ്ട്. മോഡിക്ക് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തിൽ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചിട്ടില്ല. ജനാധിപത്യത്തെ കുറിച്ച് മോഡി ആവർത്തിച്ച് സംസാരിക്കുന്നു. എന്നാൽ, അദ്ദേഹം ഒരിക്കലും ജനാധിപത്യ തത്വങ്ങൾ പാലിക്കുന്നില്ല. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായി മാറിയെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
സനാതന ധർമം ദുർബലമല്ലെന്നും കോൺഗ്രസിന്റെ 60 വർഷത്തെ ഭരണത്തിൽ ഹിന്ദുക്കൾ അപകടത്തിലായിരുന്നില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ദിഗ് വിജയ് സിംഗും പ്രതികരിച്ചു.