- പാർട്ടിയുമായി ബന്ധപ്പെട്ട ദേശീയ കാര്യങ്ങളിൽ സംസ്ഥാന അധ്യക്ഷൻ തീരുമാനമെടുക്കേണ്ടെന്ന് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി – ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇന്ത്യ മുന്നണിയെ പുറത്തുനിന്ന് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയെ വിശ്വാസമില്ലെന്ന് പറഞ്ഞ കോൺഗ്രസ് ബംഗാൾ ഘടകം അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിക്കു മുന്നറിയിപ്പുമായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്.
ഇന്ത്യ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് കോട്ടമുണ്ടാക്കരുതെന്നും പാർട്ടിയുമായി ബന്ധപ്പെട്ട ദേശീയ കാര്യങ്ങളിൽ സംസ്ഥാന അധ്യക്ഷൻ തീരുമാനമെടുക്കേണ്ടെന്നുമാണ് ഖാർഗെ അറിയിച്ചത്. മമത ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്നും അവരെ വെറുപ്പിക്കുന്ന വാക്കുകൾ ഉണ്ടായിക്കൂടെന്നും വാക്കുകൾ സൂക്ഷിച്ചുവേണമെന്നുമാണ് ഖാർഗെയുടെ മുന്നറിയിപ്പ്.
‘എനിക്ക് അവരെ വിശ്വാസമില്ല. ഇന്ത്യ സഖ്യം ഉപേക്ഷിച്ച് അവർ ഓടിപ്പോയി. ബി.ജെ.പിക്ക് അനുകൂല ഫലമുണ്ടായാൽ അവർ അവരുടെ കൂടെ പോകാൻ സാധ്യതയുണ്ടെന്നുമായിരുന്നു’ കോൺഗ്രസിന്റെ ലോകസഭാ പാർട്ടി ലീഡർ കൂടിയായ അധീർ രഞ്ജൻ ചൗധരിയുടെ ഇന്നലത്തെ പ്രസ്താവന. ഇതിനെ തള്ളിയാണ് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ രംഗത്തെത്തിയത്.
‘ഇന്ത്യ സഖ്യം രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും സഖ്യത്തിന് പേര് നൽകിയതും താനാണെന്നും ബംഗാളിൽ കോൺഗ്രസും സി.പി.എമ്മും സീറ്റ് ധാരണയിൽ വിട്ടുവീഴ്ചക്ക് തയ്യാറാവാത്തതിനാലാണ് അവർക്കൊപ്പം നിൽക്കാതെ ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചതെന്നും, എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം പുറത്തുനിന്ന് പിന്തുണ നൽകുമെന്നും’ കഴിഞ്ഞദിവസം ഒരു തെരഞ്ഞെടുപ്പ് റാലിയിൽ മമത ബാനർജി വ്യക്തമാക്കിയിരുന്നു.
ഇതിനെ പുച്ഛിച്ചാണ് എനിക്ക് മമതയെ വിശ്വാസമില്ലെന്നും അവർ ബി.ജെ.പിക്ക് ഒപ്പം പോകാൻ തയ്യാറാകുമെന്നും അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചത്. പ്രാദേശിക പാർട്ടി പ്രശ്‌നങ്ങൾക്ക് ദേശീയ മാനം നൽകി സംഘപരിവാർ രാഷ്ട്രീയത്തിനെതിരേ ഒരുമിച്ച് നിൽക്കാൻ മനസ്സുള്ളവരേ ഒരിക്കലും അകറ്റിനിർത്തുന്ന സമീപനം ഉണ്ടായിക്കൂടെന്ന ശക്തമായ സന്ദേശമാണ് കോൺഗ്രസ് ദേശീയ നേതൃത്വം നൽകുന്നത്. മോഡി സർക്കാറിനെ താഴെ ഇറക്കുക എന്ന പരമലക്ഷ്യത്തിന് വിഘാതമുണ്ടാക്കുന്ന ഒരു വാക്കുപോലും പാടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.