കരിപ്പൂർ (മലപ്പുറം) – കരിപ്പൂർ ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പിൽ വിഭാഗീയത ആരോപിച്ച് വിവിധ സമുദായ സംഘടനാ നേതാക്കളുടെ യോഗത്തിൽ കർമസമിതി രൂപീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിലെ വൊളണ്ടിയറായി സേവനംചെയ്യാൻ പ്രത്യേക സംഘടനയിലെ അംഗമാകണമെന്ന നിബന്ധനയുണ്ടെന്നാണ് ഇവരുടെ ആരോപണം. ഇത് അംഗീകരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ വിശദീകരണം വിശ്വാസ്യ യോഗ്യമല്ലെന്നും യോഗം വിലയിരുത്തി. വിഭാഗീയതയുള്ള ഫോം വിതരണം ചെയ്തതും സ്വീകരിച്ചതും വൊളണ്ടിയർമാർക്ക് പരിശീലനം നല്കിയതും കരിപ്പൂർ ഹജ്ജ് ഹൗസിൽ വെച്ചായതിനാൽ ഇക്കാര്യം ഹജ്ജ് കമ്മിറ്റി അറിഞ്ഞിട്ടില്ലെന്നത് വിശ്വസിക്കാനാകില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. ക്യാമ്പിലെ വൊളണ്ടിയറായി സേവനം ചെയ്യുന്നതിന് പ്രത്യേക സംഘടനയിലെ അംഗമാകണമെന്ന നിലയിൽ ഫോറത്തിലെ നിബന്ധനയാണ് ഇത്തവണ വിവാദത്തിന് വഴിയൊരുക്കിയത്.
ഹജ്ജ് ഹൗസിലെ വിവിധ പരിപാടികളിൽ ജനപ്രതിനിധികളെയും സംഘടനാ നേതാക്കളെയും അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിഭാഗീയ നടപടികൾ തിരുത്താനും ആവർത്തിക്കാതിരിക്കാനും ഹജ്ജ് മന്ത്രി, ഹജ്ജ് സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്നിവരെ വിവരം ധരിപ്പിക്കാനും യോഗം തീരുമാനിച്ചു.
കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം യോഗം ഉദ്ഘാടനംചെയ്തു. സുന്നി യുവജനസംഘം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബി എസ് കെ തങ്ങൾ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹസ്സൻ സഖാഫി പൂക്കോട്ടൂർ (സമസ്ത), കെ കെ ഷബീർ അലി (കെ.എൻ.എം സി.ഡി ടവർ), സി അബ്ദുല്ലത്തീഫ് (കെ.എൻ.എം മർകസുദ്ദഅ്‌വ), അബ്ദുല്ല അൻസാരി (വിസ്ഡം), എൻ.സി അബൂബക്കർ (ജമാഅത്തെ ഇസ്‌ലാമി), എൻ.കെ റഷീദ് (വെൽഫെയർ പാർട്ടി), നഗരസഭാധ്യക്ഷ സി.ടി ഫാത്തിമത്ത് സുഹ്‌റാബി, കെ ബിന്ദു, സി.കെ അബ്ബാസ്, പി.കെ.സി അബ്ദുറഹ്മാൻ, അഷ്‌റഫ് മടാൻ, കെ.കെ മുനീർ, പി.വി അഹമ്മദ് സാജു പ്രസംഗിച്ചു. ഭാരവാഹികളായി ഹസ്സൻ സഖാഫി പൂക്കോട്ടൂർ(ചെയർമാൻ), എ.കെ അബ്ദുറഹ്മാൻ(ജനറൽ കൺവീനർ), എ ഷൗക്കത്തലി (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
ഹജ്ജ് കമ്മിറ്റിക്ക് ആവശ്യമായ വിവിധ സർവീസുകൾ ടെൻഡർ അടിസ്ഥാനത്തിലാണ് സാധാരണ നൽകാറുള്ളതെന്നും, അതിൽ ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകുന്നവർക്കാണ് പതിവായി നൽകാറെന്നും ഇത്തവണയും അത് മാത്രമാണ് ഉണ്ടായതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ഹജ്ജ് കമ്മിറ്റിയിൽനിന്ന് ലഭിച്ച വിശദീകരണം. ടെൻഡർ ലഭിച്ച ഒരു സംഘടനയുമായി ബന്ധമുള്ള സ്ഥാപനം അവരുടെ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്ത വളണ്ടിയർ ഫോറം കേരള ഹജ്ജ് കമ്മിറ്റി നൽകിയതാണെന്ന നിലയ്ക്കുള്ള പ്രചാരണം വസ്തുതാപരമായി ശരിയല്ലെന്നും പ്രസ്തുത ഫോറത്തിന്റെ പൂർണ ഉത്തരവാദിത്തം ആ സംഘടനയ്ക്കാണെന്നും ഹജ്ജ് കമ്മിറ്റി എല്ലാ വിഭാഗത്തെയും ഒരുപോലെ പരിഗണിച്ച്, നീതിപൂർവ്വം സേവനം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ഹജ്ജ് കമ്മിറ്റി ചെയർമാൻ സംഭവത്തോട് പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group