- മന്ത്രി മുഹമ്മദ് റിയാസും ഭാര്യയും നാളെ എത്തും
തിരുവനന്തപുരം – വിദേശ സന്ദർശനം വീണ്ടും പറഞ്ഞതിലും നേരത്തെ തീർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പുലർച്ചെ 3.15-നാണ് ഭാര്യ കമലക്കും പേരമകനുമൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.
വിദേശയാത്ര സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോൾ പകരം ആർക്കും ചുമതല നൽകാത്തതും, രാജ്യം അതീവ നിർണായകമായ ഒരു തെരഞ്ഞെടുപ്പ് പോർമുഖത്ത് നിൽക്കുമ്പോൾ രാജ്യത്തെ ഏക സി.പി.എം മുഖ്യമന്ത്രി വിദേശത്തേക്ക് ഉല്ലാസത്തിന് പോയതും വിവിധ കേന്ദ്രങ്ങളിൽ രൂക്ഷമായ വിമർശങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാൽ, ഇതോടെല്ലാം മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, മുഖ്യമന്ത്രിക്കൊപ്പം വിദേശ യാത്രയിൽ കൂടെയുണ്ടായിരുന്ന മരുമകനും മന്ത്രിയുമായ അഡ്വ. പി.എ മുഹമ്മദ് റിയാസും ഭാര്യ വീണയും കൂടെ മടങ്ങിയിട്ടില്ല. ഇവർ നാളെയേ തിരിച്ചെത്തൂവെന്നാണ് വിവരം. ഇന്ന് ദുബൈയിൽ സമസ്തയുടെ സുപ്രഭാതം ദിനപത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തശേഷമാകും മന്ത്രിയുടെ മടക്കം.
ഈ മാസം ആറിനാണ് മുഖ്യമന്ത്രിയും കുടുംബവും വിദേശത്തേക്ക് പോയത്. ദുബൈ, സിങ്കപൂർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി മടക്കിയത്. ഇന്നലെ രാത്രിയാണ് ദുബൈയിൽനിന്ന് മുഖ്യമന്ത്രിയും കുടുംബവും നാട്ടിലേക്ക് തിരിച്ചത്.
സുപ്രഭാതം എഡിഷൻ ചടങ്ങിലേക്ക് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പുറമെ, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കും ക്ഷണമുണ്ടെങ്കിലും ഇവർ പങ്കെടുക്കില്ല. ഇന്ന് ചേരുന്ന ലീഗ് സംസ്ഥാന നേതൃയോഗമാണ് ലീഗ് നേതാക്കൾക്കുള്ള പ്രധാന തടസ്സമെങ്കിൽ ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് പര്യടനമാണ് ചെന്നിത്തലക്കുള്ള ബുദ്ധിമുട്ട്.