ന്യൂഡൽഹി – തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യകുമാറിന് നേരെ ആക്രമണം. ഈസ്റ്റ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാലയിടാനെന്ന വ്യാജേന എത്തിയ എട്ടംഗ സംഘമാണ് കനയ്യകുമാറിന് നേരെ ആക്രമണം നടത്തിയത്. മുഖത്തടിക്കാൻ ശ്രമിക്കുകയും ദേഹത്തേക്ക് മഷി എറിയുകയുമായിരുന്നു അക്രമിസംഘം. കനയ്യകുമാർ രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
കർതാർ നഗറിലെ ആം ആദ്മി പാർട്ടി ഓഫീസിൽ വച്ച് വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയുമായി കൂടിക്കാഴ്ച നടത്തി തിരികെ വരുമ്പോഴാണ് സംഭവം. തടയാൻ ശ്രമിച്ച ഛായ ഗൗരവ് ശർമയോടും അക്രമിസംഘം മോശമായി പെരുമാറി. തന്റെ ഷാൾ പിടിച്ചുവലിക്കാനും ഭർത്താവിനെ ഭീഷണിപ്പെടുത്തിയതായും ഛായ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.
കനയ്യകുമാറിന് മാലയിട്ടതിന് പിന്നാലെ സംഘം മഷി ഒഴിക്കുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group