. ഇനി ചെറിയാൻ ഫിലിപ്പിന്റെ ഊഴം! എന്തു പറയും?
തിരുവനന്തപുരം – സോളാറിലെ ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് വളയൽ സമരവുമായി ബന്ധപ്പെട്ട് ആദ്യ വിളി വന്നത് അന്ന് കൈരളിയിലായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ അഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചെറിയാനാണ് വിളിച്ചതെങ്കിലും ഫോണിൽ നിന്ന് സംസാരിച്ചത് മാധ്യമപ്രവർത്തകനായ ജോൺ ബ്രിട്ടാസാണെന്നും തിരുവഞ്ചൂർ പറഞ്ഞു. സോളാർ സമരവുമായി ബന്ധപ്പെട്ട് അന്നത്തെ അഭ്യന്തരമന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെ വിളിക്കുകയായിരുന്നുവെന്ന സി.പി.എം നേതാവും എം.പിയുമായ ജോൺ ബ്രിട്ടാസിന്റെ വെളിപ്പെടുത്തൽ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് തിരുവഞ്ചൂർ ഇങ്ങനെ പ്രതികരിച്ചത്.
സമരം തുടരണമെന്ന് എൽഡിഎഫ് ആഗ്രഹിച്ചിരുന്നില്ലെന്ന് സമരരീതി കണ്ടാൽ മനസ്സിലാകും. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയായിരുന്നു സമരം തുടങ്ങിയത്. സമരം തീർക്കണമെന്ന് എൽ.ഡി.എഫിന് ആഗ്രഹമുണ്ടായിരുന്നുവെന്നും സമരം പിന്നീട് ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്നും തിരുവഞ്ചൂർ ചോദിച്ചു.
സെക്രട്ടറിയേറ്റ് സമരം ഒത്തുതീർക്കാൻ താൻ ഇടനിലക്കാരനായെന്ന മുതിർന്ന മാധ്യമപ്രവർത്തകനായ ജോൺ മുണ്ടക്കയം പറഞ്ഞതിൽ പകുതി മാത്രമാണ് ശരിയെന്നും തന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ബന്ധപ്പെടുകയാണുണ്ടായതെന്നും അല്ലാതെ തിരിച്ചല്ലെന്നും ബ്രിട്ടാസ് വ്യക്തമാക്കിയിരുന്നു. താൻ ജോൺ മുണ്ടക്കയവുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും അത് മുണ്ടക്കയത്തിന്റെ ഭാവനയാണെനും ബ്രിട്ടാസ് പറയുകയുണ്ടായി.
‘സമരം അവസാനിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌നാണ് തന്നെ ബന്ധപ്പെട്ടത്. അന്ന് അദ്ദേഹം അഭ്യന്തര മന്ത്രിയായിരുന്നു. ഇന്ന് കോൺഗ്രസിലുള്ള വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായ ചെറിയാൻ ഫിലിപ്പിന്റെ ഫോണിലാണ് വിളിച്ചത്. കൈരളിയുടെ ഓഫീസിൽ ഞാൻ ഇരിക്കുമ്പോൾ ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു. സർക്കാർ ഏത് നിലയ്ക്കുള്ള ഒത്തുതീർപ്പിനും തയ്യാറാണെന്നും പ്രതിപക്ഷ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്നും നിർദ്ദേശങ്ങളുണ്ടെങ്കിൽ അറിയിക്കണമെന്നും ഇക്കാര്യം സി.പി.എം നേതൃത്വത്തെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതല്ലാതെ ജോൺ മുണ്ടക്കയത്തെയോ തിരുവഞ്ചൂരിനെയോ ഞാൻ വിളിച്ചിട്ടില്ല. ഇക്കാര്യത്തിൽ ജീവിക്കുന്ന ദൃക്‌സാക്ഷിയാണ് ചെറിയാൻ ഫിലിപ്പ്. ജോൺ മുണ്ടക്കയത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായിരിക്കാം. മാധ്യമപ്രവർത്തകർക്ക് ചെറിയാൻ ഫിലിപ്പിനെ നേരിട്ട് വിളിച്ച് അന്വേഷിക്കാമെന്നും അന്നത്തെ കോൾ ലിസ്റ്റ് എടുത്താൽ കൃത്യമായ വിവരം ലഭിക്കുമെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
ഈ കഥ ജോൺ മുണ്ടക്കയത്തിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ല. അദ്ദേഹം പറഞ്ഞതിൽ പകുതി കഥ ശരിയാണ്. പാതി വസ്തുതയെങ്കിലും പറഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെ അഭിനന്ദിക്കണമെന്നും ബ്രിട്ടാസ് പറഞ്ഞു. പിന്നീട് തുടർച്ചയായി പലതവണ തിരുവഞ്ചൂർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. നേരിൽ വന്ന് കാണാമെന്ന് പറഞ്ഞപ്പോൾ കേരളത്തിന്റെ അഭ്യന്തര മന്ത്രി ഇങ്ങോട്ട് വന്ന് കാണേണ്ട, താൻ അങ്ങോട്ട് വരാമെന്ന് പറയുകയായിരുന്നു. തിരുവഞ്ചൂരിനെ കാണാൻ പോയപ്പോൾ ചെറിയാൻ ഫിലിപ്പും ഉണ്ടായിരുന്നു. തിരുവഞ്ചൂരുമായി സംസാരിച്ച കാര്യങ്ങൾ ചെറിയാൻ ഫിലിപ്പിന് അറിയാമെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
ജുഡീഷ്യൽ അന്വേഷണം എന്നത് സോളാർ സമരത്തിൽ ഇടതുപക്ഷത്തിന്റെ ഒരു ആവശ്യമായിരുന്നു. തിരുവഞ്ചൂർ പറഞ്ഞതനുസരിച്ച് സി.പി.എം നേതൃത്വത്തെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞ നിർദ്ദേശം തിരുവഞ്ചൂരിനെ അറിയിച്ചു. ജുഡീഷ്യൽ അന്വേഷണം പരസ്യമായി പ്രഖ്യാപിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യൽ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സി.പി.എം നേതൃത്വത്തിന്റെ നിലപാട്. ഇത് പറഞ്ഞപ്പോൾ തിരുവഞ്ചൂർ വൈമുഖ്യം കാണിച്ചു. ഈ വിഷയത്തിൽ സ്വന്തം നിലയിൽ തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ നിലപാട്. അതിനാൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കാണാൻ തന്റെയൊപ്പം വരണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെടുകയായിരുന്നു. ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും പി.കെ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നുവെന്നും ബ്രിട്ടാസ് ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്കു പോയത്. അവർക്ക് എന്തോ പറയാനുണ്ടെന്ന് പറയുമ്പോൾ അത് പോയി കേൾക്കണമെന്നായിരുന്നു സി.പി.എം നേതൃത്വത്തിന്റെ നിലപാടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം വാരികയിലെ ലേഖന പരമ്പരയിലാണ് സി.പി.എം നേതൃത്വത്തിന്റെ നിർദേശാനുസരണം ജോൺ ബ്രിട്ടാസ് സോളാർ സമരം അവസാനിപ്പിക്കാൻ തന്നെ വിളിച്ചെന്ന് ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയത്. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ, എന്നായിരുന്നു ഫോണിൽ വിളിച്ച് ബ്രിട്ടാസ് തന്നോട് ചോദിച്ചതെന്നും അതാണ് സോളാർ സമരം ഒത്തുതീർപ്പിലേക്ക് എത്തിച്ചതെന്നുമാണ് ജോൺ മുണ്ടക്കയം കുറിച്ചത്.