തിരുവനന്തപുരം – ലോകസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് എണ്ണപ്പെട്ട ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അടുത്ത വർഷം നടക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങി കേരള സർക്കാർ. തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടി തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കാനാണ് പിണറായി സർക്കാറിന്റെ നീക്കം.
വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കാനാണ് സർക്കാർ പദ്ധതി. വാർഡ് പുനർനിർണയത്തിലൂടെ പുതുതായി 1200 വാർഡുകളെങ്കിലും സൃഷ്ടിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
ജനസംഖ്യാനുപാതികമായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഓരോ വാർഡ് വീതം വർധിപ്പിക്കാനുള്ള ഓർഡിനൻസ് അംഗീകരിക്കുന്നതിന് തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരുന്നുണ്ട്. നിലവിൽ കേരളത്തിലെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ 21,900 ജനപ്രാതിനിധികളാണുള്ളത്.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരോ വാർഡ് വീതം കൂടുന്നതോടെ 1200 പുതിയ വാർഡുകൾ വരെ വർധിക്കാനുള്ള സാധ്യതയാണുള്ളത്. എന്നാൽ, മുൻസിപ്പാലിറ്റികളുടെയോ പഞ്ചായത്തുകളുടെയോ എണ്ണത്തിൽ വലിയ മാറ്റത്തിനുള്ള സാധ്യതയില്ല. വാർഡുകളുടെ രൂപരേഖ ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കുകയും പരാതിക്കാരിൽ നിന്ന് വാദം കേൾക്കുകയും ചെയ്യും. ഇതിനു ശേഷമായിരിക്കും അന്തിമ വിജ്ഞാപനമിറക്കി വോട്ടർപട്ടിക പുതുക്കുക. 2011-ലെ സെൻസസിനെ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ പുനർനിർണയമുണ്ടാവുക.
ഓരോ വാർഡിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണം പിടിച്ചടക്കാൻ തങ്ങൾക്ക് അനുകൂലമായി വാർഡുകളും മറ്റും വിഭജിക്കുന്ന അണിയറ പ്രവർത്തനങ്ങൾ ഇതിനകം തന്നെ സംസ്ഥാനത്തെ ഇരു മുന്നണികളിലും പ്രബല പാർട്ടികൾ മുഖേനയും നടന്നിട്ടുണ്ട്. വാർഡ് വിഭജനം തങ്ങൾക്ക് അനുകൂലമാകുംവിധം നടപ്പാക്കാൻ ഉദ്യോഗസ്ഥ തല സ്വാധീനവും ഭരണപരമായ സമ്മർദ്ദവും തള്ളിക്കളയാനാവില്ല. അതിന് വഴങ്ങാത്ത പഞ്ചായത്ത് സെക്രട്ടറിമാർ അടക്കമുള്ളവരെ സ്ഥലംമാറ്റി പ്രതിഷ്ഠിക്കാനും രാഷ്ട്രീയ ഇടപെടലുണ്ടാകുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group