കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കരുത്. അതൊരു സാമാന്യമായ വിവേകവും വകതിരിവുമാണ്. അത് ഇല്ലാതെ പോയതുകൊണ്ടാണ് ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നത്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വളണ്ടിയർമാരെ ക്ഷണിക്കുന്നത് തികച്ചും സുതാര്യമായാണ്. പത്രങ്ങൾ ഉൾപ്പെടെ മാധ്യമങ്ങളിലൂടെ അത് പരസ്യപ്പെടുത്തും. ഇത്തവണ ഹജ്ജ് വളണ്ടിയർമാരായി സേവനം ചെയ്യാൻ 40-ലേറെ സർക്കാർ ഉദ്യോഗസ്ഥർ തന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇനിയും ഏറെപ്പേർ താൽപര്യപ്പെട്ട് മുന്നോട്ടുവരുന്നുമുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ കൂടാതെ വളണ്ടിയർമാരെ ആവശ്യമായി വരികയാണെങ്കിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അത് പരസ്യപ്പെടുത്തും. അത് ഒളിച്ചുനടത്തുന്ന ഏർപ്പാടല്ല.
മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന അപേക്ഷാഫോറവുമായി കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിക്ക് ഒരു ബന്ധവുമില്ല എന്നാണ് ഹജ്ജ് കമ്മിറ്റി ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ ആധികാരികമായി തന്നെ ലഭിച്ച മറുപടി.
വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് ഇക്കാര്യം വിളിച്ച് അന്വേഷിക്കാമായിരുന്നു. പതിറ്റാണ്ടിലേറെ കാലമായി കാലിക്കറ്റ് ഹജ്ജ് ക്യാമ്പിൽ ഭക്ഷണ വിതരണത്തിന് അവസരം ലഭിക്കാറുണ്ടായിരുന്നത് പ്രത്യേക വിഭാഗത്തിനായിരുന്നു. ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ക്വട്ടേഷൻ ക്ഷണിച്ചപ്പോൾ നേരത്തെ ഭക്ഷണ വിതരണം നിർവഹിച്ചിരുന്ന ടീമിനേക്കാൾ കുറഞ്ഞ തുക രേഖപ്പെടുത്തിയ മലപ്പുറം ജില്ലയിലെ ഒരു കാറ്ററിംഗ് സ്ഥാപനത്തിനാണ് ഭക്ഷണ വിതരണത്തിന് അവസരം ലഭിച്ചത്.
മെയ് 22ന് തുടങ്ങി ജൂൺ 10 വരെയാണ് ഹജ്ജ് ക്യാമ്പ് പ്രവർത്തിക്കുക. ഒരു ദിവസം തന്നെ ഏറ്റവും ചുരുങ്ങിയത് 50 വളണ്ടിയർമാർ ഭക്ഷണവിതരണത്തിന് ആവശ്യമായി വരും. 25 സ്ത്രീകളും 25 പുരുഷന്മാരും. ഹജ്ജ് ക്യാമ്പിൽ ഭക്ഷണവിതരണത്തിന് വളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് ഹജ്ജ് കമ്മിറ്റി പ്രത്യേക പ്രതിഫലം നൽകുന്നില്ല. അല്ലാഹുവിന്റെ അതിഥികൾക്ക് സേവനം ചെയ്യുക എന്ന ലക്ഷ്യത്തോടെ തികച്ചും സൗജന്യമായാണ് ഹജ്ജ് ക്യാമ്പിൽ വളണ്ടിയർമാർ ഭക്ഷണ വിതരണത്തിന് എത്തുന്നത്. ഒരു ടീമിന് തന്നെ ഇത്രയും ദിവസം തുടർച്ചയായി ക്യാമ്പിൽ സേവനം ചെയ്യാൻ കഴിയില്ല. അതിനാൽ വിവിധ സന്നദ്ധ സംഘടനകളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും ഒക്കെ കാറ്ററിംഗ് സ്ഥാപനം സമീപിച്ചിട്ടുണ്ട്.
ആരെ ഭക്ഷണവിതരണത്തിന് നിയോഗിക്കണം എന്നത് സർക്കാറിന്റെയോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയോ പരിധിയിൽ വരുന്ന കാര്യമല്ല. കേറ്ററിംഗ് സ്ഥാപനത്തിന് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് വളണ്ടിയർമാരെ നിയമിക്കാവുന്നതാണ്. അവർ സമീപിച്ച സംഘടന തങ്ങളുടെ മെമ്പർഷിപ്പ് ഉള്ള ആളുകളെ സൗജന്യ സേവനത്തിനു വേണ്ടി ഹജ്ജ് ക്യാമ്പിലേക്ക് നിയോഗിക്കുന്നതിനു വേണ്ടി നൽകിയ ഫോറം ആണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഉത്തരവാദിത്വമുള്ളത് എന്ന് ധ്വനിപ്പിച്ചുകൊണ്ട് ചില മാധ്യമങ്ങൾ പുറത്തുവിട്ടത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന സാരഥി ആയിരിക്കെ തന്നെ ആരോടും വിവേചനം കാണിക്കാതെയാണ് ഇക്കാലമത്രയും ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയിട്ടുള്ളത്. ഇപ്പോൾ വിവാദം സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം വളരെ വ്യക്തമാണ്. ഹജ്ജ് കമ്മിറ്റിയെ ‘കാന്തപുരം വിഭാഗം’ കയ്യടക്കി എന്ന് വരുത്തിതീർക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. ഇക്കാലമത്രയും ആരായിരുന്നു ഹജ്ജ് ക്യാമ്പിൽ ഭക്ഷണം വിളമ്പിയിരുന്നത് എന്നും ആരെയാണ് വളണ്ടിയർമാരായി നിശ്ചയിച്ചത് എന്നും എല്ലാവർക്കും അന്വേഷിക്കാവുന്നതാണ്. ഒരു ഫോൺകോൾ അപ്പുറത്ത് വിവരം ലഭ്യമാകും എന്നിരിക്കെ ഒരു അപേക്ഷാഫോറം പ്രചരിപ്പിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് കഴിഞ്ഞ മണിക്കൂറുകളിൽ നടന്നത്. വിവേകമുള്ളവർ അത് തിരിച്ചറിയുക തന്നെ ചെയ്യും.
വർഷങ്ങളായി കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ ഭക്ഷണവിതരണം നടത്തുന്നത് തബ്‌ലീഗുകാരാണ്. അവരെ ആക്ഷേപിക്കാൻ വേണ്ടിയല്ലിത് കുറിക്കുന്നത്. അവർ കുറഞ്ഞ തുക കാണിക്കുന്നത് കൊണ്ടോ മറ്റാരും സന്നദ്ധരായി മുന്നോട്ടു വരാത്തത് കൊണ്ടോ ആണ് അവർക്ക് തുടർച്ചയായി ഈ കരാർ ലഭിച്ചത്. അതേക്കാൾ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനത്തിന് ഇത്തവണ കരാർ ലഭിച്ചു. ടെൻഡർ നടപടികൾ, ആർക്കും പങ്കെടുക്കാവുന്ന വിധം തികച്ചും സുതാര്യമായാണ് നടന്നത്. ജി എസ് ടി ബാധകമാകുന്ന സ്ഥാപനങ്ങളാണ് ടെൻഡറിൽ പങ്കെടുക്കുക. അതിൽ ഏറ്റവും കുറഞ്ഞ തുക കാണിക്കുന്നവർക്ക് സ്വാഭാവികമായും കരാർ ലഭിക്കും. 2024ലും ഇതേ സംഭവിച്ചിട്ടുളളൂ.
കോഴിക്കോട് ഹജ്ജ് ക്യാമ്പിൽ ഇത്തവണ കരാർ ലഭിച്ച മലപ്പുറത്തെ സ്ഥാപനം 178 രൂപ+GST ആണ് ക്വട്ടേഷനിൽ കാണിച്ചിട്ടുള്ളത്. ഒരു തീർത്ഥാടകന്റെ ബ്രേക്ക്ഫാസ്റ്റ്, ഉച്ച-രാത്രി ഭക്ഷണങ്ങൾ, രണ്ടു നേരത്തെ ചായ, സ്‌നാക്‌സ് ഉൾപ്പടെ ചുരുങ്ങിയത് അഞ്ചുനേരത്തെ ഭക്ഷണ പാക്കേജിനാണ് 178 രൂപ. നല്ല ഭക്ഷണമാണ് ഹജ്ജ് ക്യാമ്പിൽ ലഭ്യമാക്കാറുള്ളത്. തുക പരിശോധിച്ചാലറിയാം, അത് ഫുഡിന് മാത്രമേ തികയൂ എന്ന്. ചിലപ്പോൾ കാറ്ററിംഗ് കരാർ കിട്ടിയവർ കയ്യിൽ നിന്ന് ഇറക്കേണ്ടിയും വരും. എന്നിട്ടും എന്തുകൊണ്ട് അവർ ഇതിനു സന്നദ്ധമാകുന്നു? അവർ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടാണ് ഈ പണിക്ക് ഇറങ്ങുന്നത്.
ഭക്ഷണം തയ്യാറാക്കി അടുക്കളയിൽ വെച്ചാൽ പോരല്ലോ. അത് തീർത്ഥാടകർക്ക് വിതരണം ചെയ്യണം. അതിന് വളണ്ടിയർമാർ വേണം. ഭക്ഷണ വിതരണത്തിന് ഓരോ ദിവസവും അമ്പത് വളണ്ടിയർമാർ എന്ന തോതിൽ നോക്കിയാൽ 22 ദിവസത്തേക്ക് 1100 വളണ്ടിയർമാരുടെ സേവനം ആവശ്യമാണ്. അവർക്ക് പ്രതിഫലം കൊടുക്കാൻ നിന്നാൽ ഭീമമായ തുക വേണ്ടിവരും. കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നത് 10,430 തീർത്ഥാടകരാണ്. ആ വകയിൽ കരാർ എടുത്തവർക്ക് ലഭിക്കുക 18,56,540 രൂപയാണ്. അത് ഭക്ഷണസാധനങ്ങളുടെ ചെലവിന് തന്നെ തികയില്ല. ആ തുക കൊണ്ട് ഭക്ഷണ വിതരണത്തിനുള്ള വളണ്ടിയർമാരുടെ 24 മണിക്കൂർ സേവനത്തിനു പ്രതിഫലം നൽകാനുമാകില്ല. അതുകൊണ്ടാണ് സംഘടനകളുടെ സഹായം തേടുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ തബ്‌ലീഗ് പ്രവർത്തകർ ആണ് പൂർണമായും വിതരണത്തിൽ ഉണ്ടായിരുന്നത്. അവർക്ക് ഇത് സാമാന്യ മുസ്‌ലിംകളിലേക്ക് ഇറങ്ങാനുള്ള അവസരം കൂടിയായിരുന്നു. കഴിഞ്ഞ വർഷം ഒരു തീർത്ഥാടകന് 235 രൂപ എന്ന നിരക്കിലാണ് ഇവർ ക്വോട്ട് ചെയ്തത്. അതേക്കാൾ കുറഞ്ഞ ടെൻഡറുകൾ ഇല്ലാതിരുന്നതിനാൽ അവർക്ക് കരാർ കിട്ടി.
കഴിഞ്ഞ വർഷങ്ങളിൽ ഒരു സുന്നിക്കും ഈ വകയിൽ വളണ്ടിയർ സേവനത്തിന് അവസരം ലഭിച്ചിട്ടില്ല. ഇത്തവണ സുന്നികൾക്ക് ഹാജിമാർക്ക് സേവനം ചെയ്യാൻ അവസരം ലഭിച്ചതിൽ ചിലർക്കുള്ള മനഃപ്രയാസം അവർ വാർത്തയെഴുതിയും പ്രസ്താവന ഇറക്കിയും തീർക്കട്ടെ. സുന്നികൾ ഹജ്ജ് ഹൗസിന്റെ ഓട് പൊളിച്ച് അകത്തു കടക്കുകയല്ല. നിയമാനുസൃതം ഒരു സ്ഥാപനം എല്ലാ നടപടിയും പൂർത്തീകരിച്ച് കരാർ ഏറ്റെടുത്തതാണ്. അതിലേക്ക് സൗജന്യമായി സേവനം ചെയ്യാൻ പ്രാപ്തരായവരെ ഉപയോഗിക്കുകയാണ്. വരും വർഷങ്ങളിൽ കൂടുതൽ പേർ ടെൻഡറിൽ പങ്കെടുക്കട്ടെ. സമുദായ സംഘടനകൾ തങ്ങൾക്ക് സ്വാധീനമുള്ള സ്ഥാപനങ്ങളോട് അതിൽ പങ്കെടുക്കാൻ നിർദേശിക്കട്ടെ. തങ്ങളുടെ പ്രവർത്തകരെ ഹാജിമാർക്ക് സേവനം ചെയ്യാൻ നിയോഗിക്കട്ടെ. അതാണ് പക്വമായ സമീപനം.