2002-ൽ, സൗദിയിലെ കോടതി മുറികളിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി ഒരു പെൺകുട്ടി വന്നുനിന്നു. ഷിഹാന അലസാസ് എന്നായിരുന്നു ആ കുട്ടിയുടെ പേര്. കാൻസർ കവർന്നെടുത്ത പിതാവിന്റെ പതിനാറുകാരി മകൾ. തന്റെ കുടുംബത്തിന് ലഭിക്കേണ്ട അനന്തരാവകാശ സ്വത്തിന് വേണ്ടിയുള്ള നിയമപോരാട്ടത്തിനായിരുന്നു ഷിഹാന കോടതി വരാന്തയിലെത്തിയത്. ഷിഹാനയുടെ കൈകളിൽ പിതാവിന്റെ കയ്യക്ഷരങ്ങളുള്ള കുറിപ്പു മാത്രമാണുണ്ടായിരുന്നത്. അതായിരുന്നു ആയുധം. പിതാവിന്റെ ആഗ്രഹം നിറവേറ്റാനായി അവസാനം വരെ പോരാടി. ഇരയായിരിക്കാൻ തയ്യാറാകാതെ നിരന്തരം പോരാടി. ലക്ഷ്യങ്ങൾ പിന്തുടരാനും വിജയത്തിലെത്താനും ആഞ്ഞു ശ്രമിച്ചു.
ആ പെൺകുട്ടി ഇന്ന് സൗദി അറേബ്യയുടെ ബൗദ്ധിക സ്വത്തിൻ്റെ സംരക്ഷണത്തിനുള്ള ഔദ്യോഗിക സർക്കാർ സ്ഥാപനമായ അഥോറിറ്റി ഫോർ ഇൻ്റലക്ച്വൽ പ്രോപ്പർട്ടിയുടെ ഡയറക്ടർ ബോർഡ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സുപ്രധാന ഉത്തരവിലൂടെയാണ് അലാസസ് ആ സ്ഥാനത്തെത്തിയത്. ഏതൊരു പെൺകുട്ടിയെയും പ്രചോദിപ്പിക്കുന്ന തരത്തിൽ വിസ്മയകരമാണ് ഷിഹാനയുടെ പോരാട്ടം.
ഷിഹാനയുടെ പിതാവ്, സാലിഹ് അലസാസ്, ഫോട്ടോഗ്രാഫറായും ഗ്രന്ഥകാരനെന്ന നിലയിലും കഴിവുതെളിയിച്ച വ്യക്തിയായിരുന്നു. നാൽപതാമാത്തെ വയസിലാണ് സാലിഹിന് കാൻസർ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവാനായിരുന്ന സാലിഹിന്റെ രോഗം കുടുംബത്തെ ഞെട്ടിച്ചു. രോഗനിർണയം കഴിഞ്ഞ് പതിനെട്ട് മാസം കഴിഞ്ഞപ്പോഴേക്കും സാലിഹ് മരിച്ചു. അദ്ദേഹത്തിന്റെ മരണം ഷിഹാനയെയും കുടുംബത്തെയും തകർത്തു. അവിടെനിന്നാണ് ഷിഹാന പോരാട്ടം തുടങ്ങിയത്. ഉമ്മയുടെ പിന്തുണയോടെ പഠിക്കാനായി ഷിഹാന യു.കെയിലേക്ക് പറന്നു.
യുകെയിലെ ഡർഹാം യൂണിവേഴ്‌സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ അലാസസ്, പി.ഐ.എഫിൽ ചേരുന്നതിന് മുമ്പ്, ഒന്നിലധികം അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളിൽ ഒമ്പത് വർഷത്തോളം അഭിഭാഷകയായും സേവനം അനുഷ്ഠിച്ചു. ന്യൂയോർക്കിലെ സുപ്രീം കോടതിയിൽ നിന്നും നീതിന്യായ മന്ത്രാലയത്തിൽ നിന്നും അഭിഭാഷകവൃത്തി ചെയ്യാനുള്ള ലൈസൻസ് കരസ്ഥമാക്കുകയും ചെയ്തു.
ബിരുദാനന്തരം, മൂന്ന് വർഷത്തിലേറെ ബേക്കർ മക്കെൻസി എന്ന നിയമ സ്ഥാപനത്തിൽ അസോസിയേറ്റ് ആയി തിളങ്ങി. പിന്നീട് വിൻസൺ ആന്റ് എൽകിൻസിൽ ചേർന്നു. 2016 വരെ കൗൺസിലറായി സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ അഞ്ച് വർഷത്തോളം സീനിയർ അസോസിയേറ്റ് ആയി സേവനമനുഷ്ഠിച്ചു. സ്ഥാപനം വിട്ടശേഷം 2017ൽ സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ (പി.ഐ.എഫ്) ചേർന്നത്.
2018 ഓഗസ്റ്റ് മുതൽ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ (പിഐഎഫ്) ഡയറക്ടർ ബോർഡിൻ്റെ സെക്രട്ടറി ജനറലായും ജനറൽ കൗൺസലറായും അലസാസ് സേവനമനുഷ്ഠിച്ചു. 2017-ൽ നിയമ വിഭാഗത്തിലെ ഇടപാടുകളുടെ മേധാവിയായി പി.ഐ.എഫിൽ ചേർന്നു. പി.ഐ.എഫിൻ്റെ മാനേജ്‌മെൻ്റ് കമ്മിറ്റിയിലും മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റികളിലും അലസാസ് അംഗമായിരുന്നു. പി.ഐ.എഫ് പോർട്ട്‌ഫോളിയോ കമ്പനികളുടെ നിരവധി ബോർഡുകളിലും ബോർഡ് കമ്മിറ്റികളിലും സേവനമനുഷ്ഠിച്ചു.
2022 ജൂലൈയിലാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഷിഹാനയെ മന്ത്രിസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചത്. ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായിരുന്നു ഷിഹാന. മന്ത്രിസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സ്ഥാനം വഹിച്ച ശേഷമാണ് അഥോറിറ്റി ഫോർ ഇൻ്റലക്ച്വൽ പ്രോപ്പർട്ടിയുടെ ഡയറക്ടർ ബോർഡ് ചെയർപേഴ്‌സൺ എന്ന സുപ്രധാന പദവിയിലേക്ക് ഷിഹാന വരുന്നത്.
സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ അഭിഭാഷകരിൽ ഒരാളായാണ് അലസാസ് കണക്കാക്കപ്പെടുന്നത്. അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയിൽ നടന്ന അന്താരാഷ്ട്ര കാര്യങ്ങളുടെ വാർഷിക സമ്മേളനം ഉൾപ്പെടെ, യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി കോൺഫറൻസുകളിലും സെമിനാറുകളിലും പങ്കെടുത്തു. 2016-ൽ അലസാസിനെ “ദി ഡീൽ മേക്കർ” എന്ന് നാമകരണം ചെയ്‌തു. 2020-ൽ ഫോബ്‌സ് മിഡിൽ ഈസ്റ്റ് ഏറ്റവും ശക്തരായ 100 സ്ത്രീകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.
ഫിനാൻസ് മന്ത്‌ലി ഡീൽ മേക്കർ അവാർഡുകൾ 2016, ഇൻ്റർനാഷണൽ ഫിനാൻഷ്യൽ ലോ റിവ്യൂ നൽകുന്ന വിമൻ ഇൻ ബിസിനസ് ലോ അവാർഡ് എന്നിവയുൾപ്പെടെ ഒന്നിലധികം അവാർഡുകൾ ലഭിച്ചു.