ദോഹ-ഖത്തർ ബോർഡ് ഓഫ് മെഡിക്കൽ സ്പെഷാലിറ്റീസ് പ്രഥമ ബാച്ചിന്റെ ഗ്രാജുവേഷൻ സെറിമണിയിൽ മലയാളി തിളക്കം. കമ്മ്യൂണിറ്റി മെഡിസിൻ, എമർജൻസി മെഡിസിൻ, അനസ്തേഷ്യയോളജി എന്നീ വിഭാഗങ്ങളിൽ മെഡിക്കൽ സ്പെഷ്യലൈസേഷൻ സർട്ടിഫിക്കറ്റ് നേടിയ 36 ഡോക്ടർമാരെ ആദരിച്ചു.സ്പെസലൈസേഷൻ നേടിയ നാല് ഇന്ത്യക്കാരിൽ മൂന്നുപേരും മലയാളികളാണ്. ഡോക്ടർ മർസൂഖ് അസ്ലം, ഡോക്ടർ ആയിഷ സിദ്ദീഖ്, ഡോക്ടർ ആത്തിഖ സജീർ എന്നിവരാണ് മലയാളികൾ. സർട്ടിഫിക്കറ്റ് നേടിയ ഇന്ത്യാക്കാരിൽ നാലാമത്തെയാൾ ഡോ. സഹ്ർ മെഹാദിക്ക് മഹാരാഷ്ട്ര സ്വദേശിയാണ്.
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ 2020 ജൂലൈയിലാണ് ഖത്തർ മെഡിക്കൽ ബോർഡ് ( ഖത്തർ ബോർഡ് ഓഫ് മെഡിക്കൽ സ്പെഷാലിറ്റീസ്) രൂപീകൃതമായത്. ഈ ബോർഡിൽ നിന്നും സ്പെഷലൈസേഷൻ ചെയ്ത ആദ്യത്തെ ബാച്ചിന്റെ ഗ്രാജുവേഷൻ ചടങ്ങ് നടത്തി.
ഖത്തർആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹനാൻ മുഹമ്മദ്അൽ കുവാരി, ഡോ. സഹദ് അൽ കഅബി( സിഇഒ ആൻഡ് ടെക്നിക്കൽ കമ്മിറ്റി) എന്നീ പ്രമുഖരും ആരോഗ്യമന്ത്രാലയത്തിൻ്റെയും ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെയും ഡയറക്ടർമാരും സീനിയർ ഡോക്ടർമാരും സന്നിഹിതരായി.