റിയാദ്: സാമൂഹ്യപ്രവര്‍ത്തകനും സംഘാടകനുമായിരുന്ന സത്താര്‍ കായംകുളത്തിന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ സ്മരണാര്‍ഥം ഗള്‍ഫ് മലയാളി ഫെഡറേഷന് ജിസിസി കമ്മിറ്റി ഏര്‍പ്പെടുത്തിയ 2026ലെ സത്താര്‍ കായംകുളം ഓര്‍മ്മ കര്‍മ്മ പുരസ്കാരത്തിന് സാമൂഹ്യപ്രവര്‍ത്തകന്‍ അസ്ലം പാലത്ത് അര്‍ഹനായി.
റിയാദിലും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലും സാമൂഹികസേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന അസ്ലം പാലത്ത് ഗള്‍ഫ് മലയാളി ഫെഡറേഷന് സൗദി ഹെല്‍പ്പ് ഡെസ്ക് കണ്‍വീനര്‍ കൂടിയാണ്. തന്റെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പ്രവാസികള്‍ക്ക് ആശ്വാസവും സാന്ത്വനവും പകരാന്‍ അസ്ലം പാലത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്നും ഗള്‍ഫ് മലയാളി ഫെഡറേഷന് ജിസിസി കമ്മിറ്റി അറിയിച്ചു.
ചെയര്മാന് റാഫി പാങ്ങോട്, പ്രസിഡന്റ് ബഷീര്‍ അമ്പലായി, ജനറല്‍ സെക്രട്ടറി ജയന് കൊടുങ്ങല്ലൂര്‍, കോഓര്‍ഡിനേറ്റര്‍ അഫ്സല് കണ്ണൂര്‍, മീഡിയ അഡൈ്വസര്‍ വേണു പരമേശ്വര്‍ എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.



