തൃശൂർ– പത്തുപേരുമായി പൊരുതിയ തൃശൂർ മാജിക് എഫ്സിയെ 2–1ന് കീഴടക്കി മലപ്പുറം എഫ്സി വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എൽഫോഴ്സിയും ഗ്രെയ്സ് ഒബിയാങുമാണ് മലപ്പുറത്തിനായി വലകുലുക്കിയത്. ശിലാജിത് സന്ത്ര തൃശൂരിന്റെ ആശ്വാസഗോൾ നേടി.
ആദ്യപകുതിയിൽ പ്രതിരോധതാരം ഹരികൃഷ്ണൻ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ തൃശൂർ പത്തുപേരുമായാണ് മത്സരം പൂർത്തിയാക്കിയത്.
എട്ട് മത്സരങ്ങളിൽ നിന്ന് 14 പോയന്റുള്ള മലപ്പുറം രണ്ടാം സ്ഥാനത്തും ഏഴ് പോയന്റുമായി തൃശൂർ അഞ്ചാം സ്ഥാനത്തുമാണ്.
മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ തൃശൂരിന് ആദ്യ തിരിച്ചടി. നായകൻ മെയിൽസൺ ആൽവസ് പരിക്കേറ്റ് കളംവിട്ടതോടെ പ്രതിരോധത്തിൽ ഹരികൃഷ്ണൻ പകരക്കാരനായെത്തി. 18-ാം മിനിറ്റിൽ അബ്ദുൽ സമദിനും പരിക്കിനെത്തുടർന്ന് മടങ്ങേണ്ടിവന്നു. കളിയുടെ ആദ്യ ഘട്ടത്തിൽത്തന്നെ രണ്ട് പ്രധാന താരങ്ങളെ നഷ്ടമായത് തൃശൂരിന്റെ തന്ത്രങ്ങൾക്ക് തിരിച്ചടിയായി. ആതിഥേയർക്ക് തുടക്കത്തിലേ പരീക്ഷണവേള. 27-ാം മിനിറ്റിൽ രണ്ട് എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞ് എൽഫോഴ്സി ബോക്സിന് പുറത്ത് നിന്ന് നിലംപറ്റെ അടിച്ച ഷോട്ട് തൃശൂർ ഗോൾകീപ്പർ കമാലുദ്ധീൻ രക്ഷപ്പെടുത്തി.
40-ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്ത് ഹാദ്സിച്ചിനെ ഫൗൾ ചെയ്ത തൃശൂരിന്റെ ഹരികൃഷ്ണന് ചുവപ്പുകാർഡ്. തുടർന്നുള്ള ഫ്രീകിക്ക് എൽഫോഴ്സി കൃത്യമായി വലയിലെത്തിച്ചതോടെ മലപ്പുറത്തിന് ലീഡ് (1–0). എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തൃശൂർ തിരിച്ചടിച്ചു. വലതുവിങ്ങിൽ നിന്ന് ശിലാജിത് സന്ത്ര തൊടുത്ത ഫ്രീകിക്ക് ക്ലിയർ ചെയ്യുന്നതിൽ മലപ്പുറം പ്രതിരോധനിരയ്ക്കും ഗോൾകീപ്പർക്കും പിഴച്ചു. ആശയക്കുഴപ്പത്തിനിടെ പന്ത് വലയിലേക്ക് കയറിയതോടെ തൃശൂർ ഒപ്പമെത്തി (1–1).
രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മലപ്പുറത്തിന് സുവർണാവസരം. മഹ്ദിയുടെ പാസിൽ എൽഫോഴ്സിയുടെഷോട്ട് ഗോൾകീപ്പർ കമാലുദ്ധീൻ തട്ടിയകറ്റി. നിരന്തരം ആക്രമണങ്ങൾ നയിച്ച മലപ്പുറത്തെ പത്തുപേരുമായി ചെറുക്കുന്നതിനിടെ
86-ാം മിനിറ്റിൽ
തൃശൂർ ഗോൾ വഴങ്ങി. എൽഫോഴ്സിയുടെ പാസ് ഓടിപ്പിടിച്ച ഗ്രെയ്സ് ഒബിയാങ് കൃത്യമായി ഫിനിഷ് ചെയ്തു (2-1). 6964 പേർ മത്സരം കാണാനെത്തി.
എട്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ഞായറാഴ്ച (നവംബർ 15) കാലിക്കറ്റ് എഫ്സി, കണ്ണൂർ വാരിയേഴ്സ് എഫ്സിയെ നേരിടും. കോഴിക്കോട് ഇ എം എസ് കോർപ്പറേഷൻ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ ഒരു ഗോളിന് കാലിക്കറ്റ് വിജയിച്ചു.



