ദുബായ്- ദുബായ് പോലീസ് സഹകരണത്തോടെ, ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എമിറേറ്റിലുടനീളമുള്ള അഞ്ച് പ്രധാന റോഡുകളില്‍ പുതിയ വേഗത പരിധികള്‍ നടപ്പാക്കി. മാറ്റങ്ങള്‍ പ്രകാരം, മൂന്ന് റോഡുകളില്‍ വേഗത പരിധി വര്‍ധിപ്പിക്കുകയും രണ്ട് റോഡുകളില്‍ കുറക്കുകയും ചെയ്തു. അല്‍ അസായല്‍ സ്ട്രീറ്റില്‍, ഔദ് മൈത സ്ട്രീറ്റിനും അല്മെയ്ദാന് സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്ത് വേഗത പരിധി മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി വര്‍ധിപ്പിച്ചു.
അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റില്‍, ശൈഖ് റാഷിദ് സ്ട്രീറ്റിനും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്ത് വേഗത പരിധി മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 70 കിലോമീറ്ററായും, ലത്തീഫ ബിന്ത് ഹംദാന്‍ സ്ട്രീറ്റില്‍, ശൈഖ് സായിദ് റോഡിനും അല്‍ഖൈല്‍ റോഡിനും ഇടയിലുള്ള ഭാഗത്ത് മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 70 കിലോമീറ്ററായും ഉയര്‍ത്തി.
അതേസമയം, അല്റബാത്ത് സ്ട്രീറ്റില്‍ മറാക്കെഷ് സ്ട്രീറ്റിനും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും ഇടയിലുള്ള ഭാഗത്ത് വേഗത പരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 90 കിലോമീറ്ററായി കുറച്ചു. ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബര്‍ അല്‍സബാഹ് സ്ട്രീറ്റില്‍, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റിനും ഖാലിദ് ബിന്‍ അല്‍വലീദ് സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്ത് വേഗത പരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ നിന്ന് 70 കിലോമീറ്ററായും കുറച്ചിട്ടുണ്ട്.
അംഗീകൃത മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും അനുസൃതമായി, ഈ റോഡുകളിലെ വേഗത പരിധികള്‍ കാണിക്കുന്ന ട്രാഫിക് ചിഹ്നങ്ങള്‍ ആര്.ടി.എ പുതുക്കിയിട്ടുണ്ട്. പുതിയ വേഗത പരിധികള്‍ നടപ്പാക്കാനായി, ഈ റോഡുകളിലെ സ്പീഡ് ക്യാമറകളും പുനഃക്രമീകരിച്ചിട്ടുണ്ട്.



