അബുദാബി– ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ പദവിയിലേക്ക് ലാന നുസൈബയെ യു.എ.ഇ നാമനിർദ്ദേശം ചെയ്തതിനെതിരെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിന്റെ വിമർശനത്തെ യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് തള്ളി. ഖാലിബാഫിന്റെ പരാമർശങ്ങൾക്ക് വസ്തുനിഷ്ഠതയില്ലെന്നും ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ദൗത്യത്തെ അവഗണിക്കുന്ന തരത്തിലുള്ളതാണെന്നും ഗർഗാഷ് വ്യക്തമാക്കി.
ലാന നുസൈബെയുടെ കാഴ്ചപ്പാടുകളെയും കഴിവുകളെയും കുറിച്ചും സ്ഥാനാർത്ഥിത്വത്തെക്കുറിച്ചും വസ്തുനിഷ്ഠമായ ചർച്ചകൾ നടക്കുന്നത് സ്വാഗതാർഹമാണെന്ന് എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ ഗർഗാഷ് പറഞ്ഞു.
വ്യത്യസ്ത അഭിപ്രായങ്ങൾക്കിടയിൽ പാലം പണിയാനും നയതന്ത്രത്തിന് മുൻഗണന നൽകാനും കഴിവ തെളിയിച്ച ഒരു പ്രൊഫഷണലിനെ നാമനിർദ്ദേശം ചെയ്യുമ്പോൾ കടുത്ത നിലപാടുകാരിൽ നിന്ന് എതിർപ്പുകൾ ഉയരുന്നത് സ്വാഭാവികമാണെന്ന് ഗർഗാഷ് ചൂണ്ടിക്കാട്ടി. “സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും തർക്കങ്ങൾ പരിഹരിക്കാനുമാണ് ഐക്യരാഷ്ട്രസഭ രൂപീകരിച്ചത്. അല്ലാതെ ശത്രുത നിലനിർത്താനോ പക വീട്ടാനോ അല്ലെന്ന വസ്തുത ഇറാൻ പാർലമെന്റ് സ്പീക്കർ വിസ്മരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
ഖാലിബാഫിന്റെ പേരിൽ പുറത്തുവന്ന പരാമർശങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടുകളാകാൻ സാധ്യതയില്ലെന്ന് ഗർഗാഷ് അഭിപ്രായപ്പെട്ടു. ഖാലിബാഫിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ അഭിപ്രായങ്ങളാകാം ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



