മനാമ– ഹോർമുസ് കടലിടുക്കിലെ പ്രധാന കപ്പൽ പാതകളിൽ ഇപ്പോൾ സമുദ്ര മൈനുകൾ ഇല്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. ഹോർമുസ് കടലിടുക്ക് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസ് ആർമിയുടെ സി.എച്ച്-47 ചിനൂക്ക് ഹെലികോപ്റ്ററിൽ ജലപാതയ്ക്ക് മുകളിലൂടെ ആകാശ പര്യടനം നടത്തിയാണു കൂപ്പർ നിലവിലെ പ്രവർത്തന സാഹചര്യം നിരീക്ഷിച്ചത്.
ഇറാൻ റെവല്യൂഷണറി ഗാർഡ് സ്ഥാപിച്ച സമുദ്ര മൈനുകൾ നീക്കം ചെയ്യുന്നതിൽ യു.എസ് സേന വിജയിച്ചതോടെ സമീപ മാസങ്ങളിൽ ഇതുവഴിയുള്ള കപ്പൽ ഗതാഗതം ഗണ്യമായി വർധിച്ചിട്ടുണ്ട്. മൈൻ നീക്കം ചെയ്യൽ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന യു.എസ് സൈനികരെ സന്ദർശിച്ച കൂപ്പർ അവരുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ചു.
ഇറാൻ ഏർപ്പെടുത്തിയ ഉപരോധത്തെ മറികടന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ 3,000-ത്തിലധികം വാണിജ്യ കപ്പലുകൾ യു.എസ് സേനയുടെ പിന്തുണയോടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയതായി യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. വേനൽക്കാലം മുതൽ ഇതുവരെ 150 കോടി ബാരലിലധികം അസംസ്കൃത എണ്ണയാണ് ഇതുവഴി കയറ്റുമതി ചെയ്തത്. സമീപ മാസങ്ങളിൽ പ്രകോപനമില്ലാത്ത ആക്രമണങ്ങൾ ഉണ്ടായിട്ടും കടലിടുക്ക് കടന്ന 95 ശതമാനത്തിലധികം കപ്പലുകളും സുരക്ഷിതമായി സഞ്ചരിച്ചുവെന്നും സെൻട്രൽ കമാൻഡ് ചൂണ്ടിക്കാട്ടി.



