മദീന: സെപ്റ്റംബറിൽ പ്രവാചക പള്ളിയിൽ (മസ്ജിദുന്നബവി) സിയാറത്ത് നടത്തിയവരുടെ എണ്ണം 2.16 കോടി (2,16,15,977) കവിഞ്ഞതായി ഹറം-മസ്ജിദുന്നബവി കാര്യ വകുപ്പ് അറിയിച്ചു. 21.24 ലക്ഷത്തിലധികം തീർത്ഥാടകർ പ്രവാചകൻ മുഹമ്മദ് നബി (സ) യുടെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്തി സലാം ചൊല്ലിയപ്പോൾ 14.49 ലക്ഷത്തോളം പേർ റൗദ ശരീഫിൽ നമസ്കാരം നിർവഹിച്ചു.
സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങളാണ് അതോറിറ്റി ഒരുക്കിയിരുന്നത്. ലൊക്കേഷൻ ഗൈഡൻസ് സേവനം 3.55 ലക്ഷം പേരും അതിഥി പരിചരണ കേന്ദ്രങ്ങൾ 2.87 ലക്ഷം പേരും പ്രയോജനപ്പെടുത്തി. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക സേവനങ്ങളും ഗോൾഫ് കാർട്ട് സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ, 81,000-ത്തിലധികം പേർ മസ്ജിദുന്നബവി ലൈബ്രറിയും 1.37 ലക്ഷത്തിലധികം പേർ മസ്ജിദുന്നബവി എക്സിബിഷനും സന്ദർശിച്ചതായും വിവരങ്ങൾ വ്യക്തമാക്കുന്നു.







