തെഹ്റാൻ– സൈനിക വിവരശേഖരണത്തിനും ലക്ഷ്യങ്ങൾ കൃത്യമായി നിർണയിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചതായി ഇറാൻ. പ്രതിരോധ മേഖലയിൽ നിർമ്മിതബുദ്ധിയുടെ ഗുണഫലങ്ങൾ തങ്ങൾ കണ്ടറിഞ്ഞതായി ഇറാനിലെ പാരാമിലിട്ടറി സൈനിക വിഭാഗമായ ‘ബാസിജ്’ മേധാവി ഹുസൈൻ തായെബ് വ്യക്തമാക്കി.
യുദ്ധസാധ്യത മുൻനിർത്തി കനത്ത ജാഗ്രതയിൽ ഇറാൻ; ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് സർക്കാർ വക്താവ്
ഒരു രാജ്യത്തിന്റെ കരുത്ത് നിർണയിക്കുന്നത് സാങ്കേതിക ശേഷിയാണെന്നും, അതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും സൈബർ സുരക്ഷയ്ക്കും ഇറാൻ മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാസിജ് വിഭാഗത്തിന്റെ അടിത്തട്ടിലുള്ള ഇന്റലിജൻസ് ശൃംഖല വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെവല്യൂഷണറി ഗാർഡിന്റെ മുൻ ഇന്റലിജൻസ് മേധാവിയായിരുന്ന ഹുസൈൻ തായെബ് വീണ്ടും തലപ്പത്തേക്ക് എത്തിയത്.
ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കും: മേജർ ജനറൽ അമീർ ഹാതമി
ഇറാൻ ജനതയുടെ അവകാശങ്ങൾ മാനിക്കപ്പെടുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുക തന്നെ ചെയ്യുമെന്ന് ഇറാൻ സൈനിക മേധാവി മേജർ ജനറൽ അമീർ ഹാതമി പ്രസ്താവിച്ചു. തെഹ്റാനിലെ ഇമാം അലി ഓഫീസേഴ്സ് യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ ഈ ജലപാത ഇറാൻ സൈന്യത്തിന്റെയും റെവല്യൂഷണറി ഗാർഡിന്റെയും പൂർണ്ണ നിരീക്ഷണത്തിലാണെന്നും, ഒമാൻ സമുദ്ര മേഖലയിലേക്കോ ഹോർമുസ് കടലിടുക്കിലേക്കോ ശത്രുക്കളുടെ കപ്പലുകൾക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാൻ വാദം തള്ളി യു.എസ് സൈന്യം
ഹോർമുസ് കടലിടുക്ക് ഇറാന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന വാദങ്ങളെ യു.എസ് സെൻട്രൽ കമാൻഡ് തള്ളി. ഈ ജലപാതയിലൂടെ വാണിജ്യ, ഊർജ കപ്പലുകളുടെ ഗതാഗതം തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് യു.എസ് അറിയിച്ചു. യു.എസ് സേനയുടെയും പ്രാദേശിക പങ്കാളികളുടെയും സഹായത്തോടെ ഒരു ദിവസം മാത്രം 19 ദശലക്ഷം ബാരലിലധികം ക്രൂഡ് ഓയിൽ ഈ വഴി സുരക്ഷിതമായി കടന്നുപോയിട്ടുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.







