ഹൈദരാബാദ്- തെലങ്കാനയിൽ 21കാരനായ ഓട്ടോഡ്രൈവർ അമ്മയെ ജീവനോടെ കത്തിച്ചുകൊന്നു. വർഷങ്ങൾക്ക് മുമ്പ് ഗ്രാമത്തിൽ നടന്ന മരണങ്ങൾക്ക് ഉത്തരവാദി അമ്മയാണെന്നും അമ്മ ദുർമന്ത്രവാദം നടത്തുന്നുണ്ടെന്നും സംശയിച്ചാണ് മകൻ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കാരേ ദുർഗേഷ് എന്ന യുവാവ് ഓട്ടോയിൽ നിന്ന് ഡീസലെടുത്താണ് അമ്മയെ കത്തിച്ചുകൊന്നത്. ഗുരുതരമായി പൊള്ളലേറ്റ 40കാരിയായ കാരേ സായമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന് പത്ത് ദിവസം മുമ്പാണ് ഹൈദരാബാദിൽ നിന്ന് മേദക് ജില്ലയിലെ തന്റെ ഗ്രാമത്തിലേക്ക് തിരിച്ചെത്തിയതെന്ന് പോലീസ് പറഞ്ഞു.
എന്നാൽ അന്വേഷണത്തിൽ മൃതദേഹത്തോടോ കൊല്ലപ്പെട്ട സ്ത്രീയോടോ ബന്ധപ്പെടുത്തി ഇത്തരം അന്ധവിശ്വാസങ്ങൾക്ക് യാതൊരുവിധ തെളിവുകളും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതി മദ്യലഹരിക്കടിമയാണെന്നും മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







