ജിദ്ദ- സൗദി വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞ മാസം യാത്രക്കാരിൽ നിന്ന് ലഭിച്ചത് 2,400ലധികം പരാതികൾ. ഓഗസ്റ്റ് മാസത്തിൽ മാത്രം ദേശീയ വിമാനക്കമ്പനികൾക്കെതിരെ ആകെ 2,402 പരാതികളാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് ലഭിച്ചത്. യാത്രക്കാരുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അതോറിറ്റി വിമാന കമ്പനികളുടെയും എയർപോർട്ടുകളുടെയും പ്രകടന സൂചിക പ്രസിദ്ധീകരിച്ചത്.
സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ): ഒരു ലക്ഷം യാത്രക്കാർക്ക് 22 പരാതികളും 100 ശതമാനം പരിഹാര നിരക്കുമായി പട്ടികയിൽ ഒന്നാമതെത്തി.
റിയാദ് എയർ: ഒരു ലക്ഷം യാത്രക്കാർക്ക് 52 പരാതികളും 97 ശതമാനം പരിഹാര നിരക്കും രേഖപ്പെടുത്തി.
ഫ്‌ളൈ നാസ്: മൂന്നാം സ്ഥാനത്തുള്ള ഈ കമ്പനി ഒരു ലക്ഷം യാത്രക്കാർക്ക് 57 പരാതികളും 100 ശതമാനം പരിഹാര നിരക്കും നേടി.
ഫ്ളൈ അദീൽ: ഒരു ലക്ഷം യാത്രക്കാർക്ക് 108 പരാതികളും 97 ശതമാനം പരിഹാര നിരക്കോടെയും ഏറ്റവും ഉയർന്ന പരാതി നിരക്ക് രേഖപ്പെടുത്തി.
വിമാന സർവീസുകളുമായി ബന്ധപ്പെട്ട പരാതികളാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ബാഗേജ്, ടിക്കറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്.
ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വിമാനത്താവളങ്ങൾ
വലിയ വിമാനത്താവളങ്ങൾ (പ്രതിവർഷം 60 ലക്ഷത്തിലധികം യാത്രക്കാർ): റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും കുറഞ്ഞ പരാതി നിരക്ക് നേടി. ഒരു ലക്ഷം യാത്രക്കാർക്ക് 0.3 പരാതികൾ എന്ന തോതിൽ (ആകെ 11 പരാതികൾ) ലഭിച്ച ഇവയെല്ലാം നിശ്ചിത സമയത്തിനകം പരിഹരിച്ചു.
ചെറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ (60 ലക്ഷത്തിൽ താഴെ യാത്രക്കാർ):
തായിഫ് അന്താരാഷ്ട്ര വിമാനത്താവളം ഒരു ലക്ഷം യാത്രക്കാർക്ക് ഒന്ന് എന്ന തോതിൽ പരാതി നിരക്കും (ആകെ ഒരു പരാതി) 100 ശതമാനം പരിഹാര നിരക്കും നേടി ഒന്നാം സ്ഥാനത്തെത്തി.
ആഭ്യന്തര വിമാനത്താവളങ്ങൾ
വാദി അൽദവാസിർ വിമാനത്താവളം ഏറ്റവും കുറച്ച് പരാതികൾ (ഒരു ലക്ഷം യാത്രക്കാർക്ക് ഏഴ് പരാതികൾ) രേഖപ്പെടുത്തുകയും മുഴുവൻ പരാതികളും സമയബന്ധിതമായി പരിഹരിക്കുകയും ചെയ്തു.
സേവന നിലവാരം ഉയർത്തുന്നതിനായി വിമാന കമ്പനികളുടെയും എയർപോർട്ടുകളുടെയും പ്രകടന സൂചികകൾ പ്രസിദ്ധീകരിക്കുന്നത് മേഖലയിലെ സുതാര്യതയും മത്സരക്ഷമതയും വർധിപ്പിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. കോൾ സെന്റർ (1929), ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വെബ്‌സൈറ്റ് എന്നിവ വഴി 24 മണിക്കൂറും യാത്രക്കാരുടെ പരാതികൾ സ്വീകരിക്കുന്നുണ്ടെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.







