ദമാം. ഇന്ത്യയുടെ മതേതര സംസ്ക്കാരത്തിനു ഭീഷണിയായി നില്‍ക്കുന്ന തികച്ചും വര്‍ഗ്ഗീയത മാത്രം പ്രചരിപ്പിച്ചു കേന്ദ്രത്തില്‍ ഭരണത്തില്‍ തുടരുന്ന സംഘപരിവാര്‍ നയിക്കുന്ന നരേന്ദ്ര മോഡിയെ താഴെയിറക്കി കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്നു കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു അഭിപ്രായപ്പെട്ടു.
അടിമുടി അഴിമതിയും സ്വജനപക്ഷപാതവും മാത്രം കൊണ്ട് നടക്കുന്ന മോഡിയുടെ സര്‍ക്കാരിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിഷേധമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദാമാമിലെതിയ അദ്ദേഹം ദ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ചു തികച്ചും വര്‍ഗ്ഗീയത മാത്രം മുഖമുദ്രയാക്കിയ ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കാന്‍ ന്യൂനപക്ഷ സമുദായങ്ങളെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷ വിഭാഗം തന്നെ ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും ഇവരുടെ ഹൈന്ദവ പ്രീണനം അധികാരത്തിനു വേണ്ടി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന ഇന്ത്യയുടെ മതേതര മനസ്സിനു മുറിവേല്‍പ്പിച്ചു കൂടുതല്‍ കാലം മുന്നേറാന്‍ കഴിയില്ലെന്നതിനു തെളിവാണ് വടക്കേ ഇന്ത്യയില്‍ ബി ജെ പിക്ക് ലഭിക്കുന്ന പ്രഹരങ്ങളെന്നും ഈ തെരഞ്ഞെടുപ്പു ഫലത്തോടെ അത് പൂര്‍ണ്ണമാകുമെന്നും പഴകുളം മധു അഭിപ്രായപ്പെട്ടു.
കേരളത്തിലും സ്ഥിതി മറിച്ചല്ലന്നും ഉജ്ജ്വല വിജയം കൈവരിച്ചു പിണറായിയുടെ ദാര്‍ഷ്ട്യത്തിനു ചുട്ടമറുപടി നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ തവണ ഒരു സീറ്റ് നഷ്ടപ്പെട്ടെങ്കില്‍ ഇത്തവണ ഇരുപതു സീറ്റും യു ഡി എഫ് നില നിലനിറുത്തുമെന്നും വര്‍ഗ്ഗീയതയുമായി സന്ധി ചെയ്തും ബി ജെ പിയുമായുള്ള രഹസ്യ ബാന്ധവം കേരളത്തിലെ ജനത തിരിച്ചറിയുന്നുണ്ടെന്നും ദുഷ്പ്രചരണങ്ങള്‍ കൊണ്ട് യു ഡി എഫിനെ തകര്‍ക്കാനാവില്ലെന്നും അഡ്വ. പഴകുളം മധു അഭിപ്രായപ്പെട്ടു. കേന്ദ്രത്തില്‍ മോഡിയുടെ ധാര്‍ഷ്ട്യവും അഹങ്കാരവും അതേപടി അനുകരിച്ചു കൊണ്ടാണ് കേരളത്തില്‍ പിണറായിയുടെ തെരോട്ടമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് ഇത്രയേറെ പ്രാധാന്യവും അതെലേറെ സന്നിഗ്ദമായ ഒരു തെരഞ്ഞെടുപ്പു ഘട്ടത്തില്‍ കുടുംബ സമേതം ലോകം ചുറ്റാനിറങ്ങിയ പിണറായി കേരളത്തിലെ ജനങ്ങളെ പുച്ചിക്കുകയാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് പുറത്തു കോണ്ഗ്രസുമായി ബാന്ധവം കൊണ്ട് നടക്കുന്ന സി പി എം കേരളത്തില്‍ ശത്രു കോണ്ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയില്‍ പാര്‍ട്ടി സെക്രെടറി സീതാറാം യെച്ചൂരി ഉണ്ട് എന്നാല്‍ പിണറായി വിജയന്‍ ഇല്ലന്നും ഇതെന്തൊരു വിരോധാഭാസാമെന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയന് കോണ്ഗ്രസ് വിരോധമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊണ്ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം മുഖ്യശത്രു വര്‍ഗ്ഗീയതയും അത് കൊണ്ട് നടക്കുന്ന ബി ജെ പിയുമാനെന്നും പഴകുളം മധു അഭിപ്രായപ്പെട്ടു.
കൊണ്ഗ്രസ്സിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ഏറ്റവും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് കെജ്രിവാള്‍ ആണെന്നും എന്നാല്‍ ഇപ്പോള്‍ അഴിമതിയുടെ പേരില്‍ ജയിലിലടക്കപ്പെട്ട കെജരിവാളിനു കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നത് വര്‍ഗ്ഗീയതയുമായി നടക്കുന്ന ബി ജെ പി യെ നേരിടാനാനെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കപ്പുറം വര്‍ഗ്ഗീയതാണ് രാജ്യത്തിന് ഭീഷണി എന്നത് കൊണ്ട് വര്‍ഗ്ഗീയത മുഖ മുദ്രയാക്കിയ ബി ജെ പിയെ ഈ രാജ്യത്ത് നിന്ന് നിഷ്ക്കാസനം ചെയ്യാന്‍ കോണ്ഗ്രസ് പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് കേരള ജനതയാനെന്നും കേരളത്തിന്റെ സുവര്‍ണ്ണാവസരമാണ് വരാന്‍ ഇരിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയും, കെ സി വേണുഗോപാലും നേതൃരംഗത്ത് ഉണ്ടാവുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കേരള ജനതയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധി തന്നെയായിരിക്കും അതിനു നേതൃത്വം നല്‍കാന്‍ യോഗ്യനെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു അഭിമുഖത്തില്‍ പറഞ്ഞു.
പടം. 1) കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു ദി മലയാളം ന്യൂസ് ലേഖകനുമായി അഭിമുഖത്തില്‍
2) അഡ്വ. പഴകുളം മധു ദമാമില്‍, കെ പി സി സി നിര്‍വ്വാഹക സമിതിയംഗം അഹമ്മദ് പുളിക്കല്‍, ഒ ഐ സി സി നേതാക്കളായ സിറാജ് പുറക്കാട്, ഹനീഫ റാവുത്തര്‍ എന്നിവര്‍ സമീപം