തെഹ്റാന്‍ : രാജ്യത്തിന്റെ ബലഹീനതകളെ കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യുന്നത് ശത്രുവിന് വലിയ സഹായമാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇ ഇറാന്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിരാശ പ്രചരിപ്പിക്കുന്നതും സാമൂഹിക ഐക്യത്തെ ദോഷകരമായി ബാധിക്കുന്നതുമായ വാചാടോപങ്ങള്‍ ഒഴിവാക്കണം. ബലഹീനതകള്‍, പോരായ്മകള്‍, കുറവുകള്‍ എന്നിവ വിവരിക്കുകയോ എടുത്തുകാണിക്കുകയോ ചെയ്യേണ്ടതില്ല. മറിച്ച്, അവ ആസൂത്രണത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും പരിഹരിക്കുകയും ഇല്ലാതാക്കുകയും ചെയ്യണം.
ശത്രുവിന് അവരുടെ മനോവീര്യം വര്‍ധിപ്പിക്കേണ്ട സമയത്ത്, നമ്മുടെ ബലഹീനതകള്‍ സത്യസന്ധമായി പ്രകടിപ്പിക്കുന്നത് അവര്‍ക്ക് വലിയ സഹായമാകും. രാജ്യത്തെ പിന്തുണക്കുന്നവരില്‍ ഇത് ഉത്കണ്ഠ ഉണ്ടാക്കുകയും അവരെ ആശയക്കുഴപ്പത്തിലാക്കുകയും പ്രകോപിതരാക്കുകയും ചെയ്യും. ഇറാന്റെ കരുത്ത്, ശേഷികള്‍, പോസിറ്റീവ് വശങ്ങള്‍ എന്നിവ വിശദീകരിക്കുകയും എടുത്തുകാണിക്കുകയും ചെയ്യണമെന്ന് ഖാംനഇ ആവശ്യപ്പെട്ടു. യു.എസ് നാവിക ഉപരോധത്തിന്റെ ആഘാതം അംഗീകരിച്ചും, എണ്ണ വില്‍പ്പന നിലച്ചതും പെട്രോള്‍ ഇറക്കുമതി ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളും പരാമര്‍ശിച്ചും പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുന്നാസര്‍ ഹെമ്മതിയും നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ബലഹീനതകള്‍ തുറന്നുപറയുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഖാംനഇയുടെ പ്രസ്താവന പുറത്തുവന്നത്.
ഫെബ്രുവരി 28 ന് ആരംഭിച്ച യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളില്‍ പിതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 8 ന് പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം മുജ്തബ ഖാംനഇ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ഓഡിയോ, വീഡിയോ റെക്കോര്‍ഡിംഗുകളും പുറത്തുവിട്ടിട്ടില്ല. മുജ്തബ ഖാംനഇ മരിച്ചതായി വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു.
പെസെഷ്‌കിയാന്‍ സര്‍ക്കാരിനുള്ള പിന്തുണ ഖാംനഇ പ്രഖ്യാപിക്കുകയും യുദ്ധം, സാമ്പത്തിക ഉപരോധങ്ങള്‍, നാവിക ഉപരോധം എന്നിവ ഉണ്ടായിരുന്നിട്ടും ചരക്കുകളും സേവനങ്ങളും നല്‍കാനും തകര്‍ന്ന സ്ഥലങ്ങള്‍ നന്നാക്കാനും ഊര്‍ജ മേഖല കൈകാര്യം ചെയ്യാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. എന്നിരുന്നാലും, നിരാശ വളര്‍ത്തുന്നതും ദേശീയ, പൊതുജന മനോവീര്യം ദുര്‍ബലപ്പെടുത്തുന്നതുമായ ഏതൊരു സംസാരവും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഖാംനഇ ഊന്നിപ്പറഞ്ഞു.
യുദ്ധം അല്ലെങ്കില്‍ ചര്‍ച്ച, അനുരഞ്ജനം അല്ലെങ്കില്‍ കടുത്ത നിലപാട്, വിട്ടുവീഴ്ച അല്ലെങ്കില്‍ യുദ്ധത്തിനുള്ള ആഹ്വാനം എന്നിവ അടക്കമുള്ള തെറ്റായ ദ്വന്ദ്വങ്ങള്‍ രാഷ്ട്രീയ സംവാദങ്ങളില്‍ സൃഷ്ടിക്കുന്നതിനെതിരെ ഖാംനഇ മുന്നറിയിപ്പ് നല്‍കി. അത്തരം വിഭജനങ്ങള്‍ മുന്‍കാലങ്ങളില്‍ ഇറാനികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. അവയുടെ ഫലങ്ങള്‍ ആവര്‍ത്തിക്കാവുന്നതാണ്. സാമൂഹിക ഐക്യത്തെ ദോഷകരമായി ബാധിക്കുന്ന ഏതൊരു പ്രവൃത്തിയും നിഷിദ്ധമാണെന്ന് ഞാന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അവരുടെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ, സാമൂഹിക, സാംസ്‌കാരിക തീരുമാനങ്ങള്‍ സാമൂഹിക ഐക്യത്തില്‍ ചെലുത്തുന്ന സ്വാധീനം പരിഗണിക്കണമെന്നും മുജ്തബ ഖാംനഇ ആവശ്യപ്പെട്ടു.
ഖാംനഇയുടെ സന്ദേശത്തിന് വേഗത്തില്‍ മറുപടി പറഞ്ഞ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ഖാംനഇയോട് നന്ദി പ്രകടിപ്പിക്കുകയും തന്റെ സര്‍ക്കാര്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സമ്പൂര്‍ണ്ണ ഐക്യത്തില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ പിതാവ് അലി ഖാംനഇ കൊല്ലപ്പെടുന്നതിന് മുമ്പ് സര്‍ക്കാരിന് നല്‍കിയ പിന്തുണയുടെ തുടര്‍ച്ചയാണ് മുജ്തബ ഖാംനഇയുടെ സര്‍ക്കാരിനുള്ള സന്ദേശമെന്ന് പെസെഷ്‌കിയാന്‍ എക്സിലെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
പരമോന്നത നേതാവിന്റെ സന്ദേശത്തിന് ഏറ്റവും വലിയ വില കല്‍പിക്കുന്നതായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പറഞ്ഞു. എല്ലാ രൂപങ്ങളിലുമുള്ള തെറ്റായ ദ്വന്ദ്വങ്ങള്‍ ഒഴിവാക്കണമെന്ന് ഖാലിബാഫ് ആഹ്വാനം ചെയ്തു. സാമൂഹിക ഐക്യത്തെ ദോഷകരമായി ബാധിക്കുന്ന ഏതൊരു പ്രവൃത്തിയും നമുക്കെല്ലാവര്‍ക്കും ദേശീയവും മതപരവുമായ വിലക്കാണ്. നമ്മുടെ അവസാന ശ്വാസം വരെ ജനങ്ങളെയും ഇറാന്റെ പുരോഗതിയെയും സേവിക്കാനായി സ്വയം സമര്‍പ്പിക്കുമെന്ന് ഞങ്ങള്‍ ജനങ്ങളോടും പരമോന്നത നേതാവിനോടും പ്രതിജ്ഞ ചെയ്യുന്നു – ഖാലിബാഫ് കൂട്ടിച്ചേര്‍ത്തു.
പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിലക്കയറ്റം, വിപണി നിയന്ത്രണം എന്നിവ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളാണെന്ന് ഖാംനഇ പറഞ്ഞു.
സാമ്പത്തിക പ്രശ്നങ്ങള്‍ ഇറാന്‍ സമ്പദ്വ്യവസ്ഥയിലെ ഇരുണ്ട പാടുകളാണ്. അവ പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്നതുവരെ ക്രമേണ കുറച്ചുകൊണ്ടുവരണം. യുദ്ധകാലത്തും അതിനു ശേഷവും അമേരിക്കന്‍ നടപടികള്‍ രാജ്യത്തെ സാഹചര്യങ്ങളില്‍ സ്വാധീനം ചെലുത്താതിരുന്നിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍, സാഹചര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുകയും വിദഗ്ധരെയും പുതിയ സാങ്കേതികവിദ്യകളെയും ആഭ്യന്തര കഴിവുകളെയും ഉപയോഗപ്പെടുത്തുകയും വേണം.
നിക്ഷേപം വര്‍ധിപ്പിക്കേണ്ടതും അത് ആവശ്യമായ മേഖലകളിലേക്ക് തിരിച്ചുവിടേണ്ടണ്ടതും ഉല്‍പാദനം പുനരുജ്ജീവിപ്പിക്കേണ്ടതും അനിവാര്യമാണ്. ആഭ്യന്തര ഉല്‍പാദനത്തെ കൂടുതല്‍ ആശ്രയിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള താക്കോല്‍ ആണ്. ആഭ്യന്തര ഉല്‍പാദനം അപര്യാപ്തമാകുമ്പോള്‍ ഇറക്കുമതിയുടെ ആവശ്യമായിവരും. ആഭ്യന്തര ഉല്‍പാദനത്തെ പിന്തുണക്കുന്നതിനൊപ്പം ഇറക്കുമതിയും വിലയും കൈകാര്യം ചെയ്യണം.
പ്രതിരോധ സമ്പദ്വ്യവസ്ഥയുടെ നയങ്ങളെ സാമ്പത്തിക നയത്തിന്റെ മൂലക്കല്ലാക്കി മാറ്റണം. സമ്പദ്വ്യവസ്ഥയില്‍ ഡോളറിന്റെ പങ്ക് ക്രമേണ കുറക്കണം. നിക്ഷേപം വര്‍ധിപ്പിക്കുക, വളര്‍ച്ചയും ഉല്‍പ്പാദനവും മെച്ചപ്പെടുത്തുക, വ്യാവസായിക, കാര്‍ഷിക, വിദ്യാഭ്യാസ, സാംസ്‌കാരിക, ആശയവിനിമയ മേഖലകളില്‍ യുവവിദഗ്ധര്‍ വാഗ്ദാനം ചെയ്യുന്ന സാങ്കേതികവിദ്യകളുടെയും നൂതനാശയങ്ങളുടെയും ഉപയോഗം എന്നിവ ഖാംനഇ ആവശ്യപ്പെട്ടു. വികസനത്തിനും സമൃദ്ധിക്കും അമേരിക്കയുടെ ആവശ്യങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ഇറാനികളെ ബോധ്യപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ ചരിത്രം ഇതിന്റെ വിപരീതമാണ് കാണിക്കുന്നതെന്നും മുജ്തബ ഖാംനഇ സന്ദേശത്തില്‍ പറഞ്ഞു.
ഈ ആഴ്ച ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ അമേരിക്ക വര്‍ധിപ്പിച്ചു. ഇറാനുമായി ബിസിനസ്സ് തുടരുന്ന രാജ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ദ്വിതീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക ഭീഷണി മുഴക്കി. ഇറാന്‍ വിദേശ മന്ത്രാലയം പുതിയ യു.എസ് നടപടികളെ ഭരണകൂട ഭീകരത എന്നും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം എന്നും വിശേഷിപ്പിച്ചു. യു.എസ് ഉപരോധങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മറ്റ് രാജ്യങ്ങളോട് ഇറാന്‍ വിദേശ മന്ത്രാലയം ആഹ്വാനം ചെയ്തു. നയതന്ത്ര ശ്രമങ്ങള്‍ പുനരാരംഭിക്കുന്നത് അസാധ്യമല്ല എന്ന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. എന്നാല്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍, സമ്മര്‍ദ്ദം ഫലപ്രദമല്ല എന്ന് അമേരിക്ക മനസ്സിലാക്കുകയും മുന്‍ ധാരണാപത്രം അനുസരിച്ച പ്രതിബദ്ധതകള്‍ നിറവേറ്റുകയും ചെയ്യണമെന്ന് അറാഖ്ജി വ്യവസ്ഥ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







