ജിസാൻ: മലപ്പുറം കോട്ടക്കൽ സ്വദേശിയും ജിസാൻ അൽഹയാത്ത് ആശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യനുമായ റഹീസ് അലി(30)യെ ആശുപത്രിയോടനുബന്ധിച്ചുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ അട്ടീരി പുത്തൂർ കമ്പ്രത്ത് പുലിക്കോടൻ മുഹമ്മദ് അലിയുടെയും ജമീലയുടെയും മകനാണ്. ഇന്ന് ഉച്ചയ്ക്ക് ഡ്യൂട്ടിയുണ്ടായിട്ടും റഹീസ് ആശുപത്രിയിൽ ജോലിക്കെത്തിയിരുന്നില്ല.റഹീസിനെ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാത്തതിനാൽ രണ്ടരയോടെ സഹപ്രവർത്തകർ ക്വാർട്ടേഴ്‌സിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ജിസാൻ സിറ്റി പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ പൂർത്തിയാക്കിയശേഷം റഹീസിൻറെ മൃതദേഹം അൽഹയാത്ത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഏഴ് വർഷമായി ജിസാൻ അൽഹയാത്ത് ആശുപത്രിയിൽ അനസ്തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്‌തിരുന്ന റഹീസ് കഴിഞ്ഞ മാസം 26 നാണ് അവധികഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. എൻ.കെ.ഹരീജയാണ് ഭാര്യ. മക്കൾ റയാൻ അലി (6 ), ഹിദാ അലി (3).
റഹീസിൻറെ ആകസ്‌മിക വിയോഗം ഹയാത്ത് ആശുപത്രിയിലെ സഹപ്രവർത്തകരെയും ജിസാനിലെ സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. ആശുപത്രിയിലെ എല്ലാവരോടും സ്നേഹവും അടുപ്പവും സൂക്ഷിച്ച റഹീസിൻറെ വേർപാട് സഹപ്രവർത്തകരെയെല്ലാം ഞെട്ടിച്ചതായി ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സുമാരായ ഫെബിനയും ആശയും ദീപയും മലയാളം ന്യൂസിനോട് പറഞ്ഞു.റഹീസിൻറെ മരണവിവരമറിഞ്ഞ് ജിസാനിലെ വിവിധ സംഘടനാപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധിപേർ ആശുപത്രിയിലെത്തി.ജിസാൻ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷംസു പൂക്കോട്ടൂർ, ഭാരവാഹികളായ ഗഫൂർ ,സിറാജ് , ജല ട്രഷറർ ഡോ .ജോ വർഗീസ്, ഭാവവാഹികളായ സിയാദ് പുതുപ്പറമ്പിൽ, അന്തുഷ ചെട്ടിപ്പടി എന്നിവർ സഹായവുമായി ആശുപത്രിയിലെത്തിയിരുന്നു. റഹീസിൻറെ വിയോഗത്തിൽ കെ.എം.സി.സി.കേന്ദ്ര കമ്മിറ്റിയും ജല കേന്ദ്ര കമ്മിറ്റിയും അനുശോചിച്ചു.