കണ്ണൂര്‍ – പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ ഭരണ തലത്തില്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലടക്കം പുതിയ കാര്യങ്ങള്‍ എഴുതി ചേര്‍ക്കുകയും ചെയ്തു. സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും കേസില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ബോംബ് നിര്‍മ്മാണത്തിനു പിന്നില്‍ തെരഞ്ഞെടുപ്പും ലക്ഷ്യവും , രാഷ്ട്രീയ എതിരാളികൾക്ക് നേരെ പ്രയോഗിക്കാനാന്നെന്ന് ആദ്യ മൂന്നു റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലും പറഞ്ഞ പോലീസ് നാലാമത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സംഭവത്തിലെ രാഷ്ട്രീയം പൂര്‍ണമായി എടുത്തു കളയുകയാണ്. ക്ഷേത്രപരിസരത്തുണ്ടായ സംഘര്‍ഷമാണ് ബോംബ് നിര്‍മ്മാണത്തിന് പിന്നിലെന്ന സി.പി. എമ്മിൻ്റെ പുതിയ കണ്ടെത്തലാണ് നാലാമത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ബോംബ് നിര്‍മ്മാണത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഉന്നതതല ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ഇപ്പോള്‍ പോലീസിനെ സ്വാധീനിച്ച് അവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി അന്വേഷണത്തെ ആകെ അട്ടിമറിക്കുകയാണ്. സംഭവത്തില്‍ പരിക്കേറ്റവരെ സ്വകാര്യാശുപത്രിയില്‍ നിന്നും തിടുക്കപ്പെട്ട് സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണാശുപത്രിയിലേക്ക് മാറ്റിയത് വസ്തുതകള്‍ പുറത്തു വരാതിരിക്കാന്‍ വേണ്ടിയാണ്. പാനൂര്‍ ബോംബ് സ്‌ഫോടന കേസിന്റെ അന്വേഷണം അട്ടിമറിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ഡി.സി.സി നേതൃയോഗം വ്യക്തമാക്കി. രാജ്യത്ത് ഒരു പ്രത്യേക മത വിഭാഗത്തെ പേരെടുത്ത് പറഞ്ഞ് മതസ്പര്‍ദ്ധ വളര്‍ത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് ഡിസിസി യോഗം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പച്ചയ്ക്ക് വര്‍ഗീയത പ്രസംഗിക്കുന്ന നരേന്ദ്രമോദിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ അപമാനമായിരിക്കുകയാണെന്നും പ്രമേയത്തില്‍ പറഞ്ഞു.
നേതൃയോഗം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ . പി എം നിയാസ് ഉദ്ഘാടനം ചെയ്തു . ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ വി എ നാരായണൻ , പി.ടി. മാത്യു, ചന്ദ്രൻ തില്ലങ്കേരി, ഡോ.ഫിലോമിന, പ്രൊഫ. എ ഡി മുസ്തഫ ,സജീവ് മാറോളി, അഡ്വ.ടി ഒ മോഹനൻ , കെ സി മുഹമ്മദ് ഫൈസൽ , മുഹമ്മദ് ബ്ലാത്തൂർ , കെ സി വിജയൻ, റിജിൽ മാകുറ്റി, എം നാരായണൻ കുട്ടി, എം.പി ഉണ്ണികൃഷ്ണൻ, എൻ പി ശ്രീധരൻ , തുടങ്ങിയവർ സംസാരിച്ചു .
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group