ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കാൻ അടിയന്തര നടപടികളുമായി ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണുവർധൻ റെഡ്ഡി. ദുബായ് ഇന്ത്യൻ കോൺസൽ ജനറലായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ‘ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലേക്ക്’ (ICAC) സേവനങ്ങൾ മാറ്റുന്നതിന്റെ വിവരങ്ങൾ പങ്കുവെച്ച അദ്ദേഹം, തത്കാൽ വിഭാഗത്തിൽ നിലവിലുള്ള അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ പൂർണമായും തീർപ്പാക്കുമെന്നും വ്യക്തമാക്കി.
വ്യാജ ഏജൻസികൾക്കെതിരെ മുന്നറിയിപ്പ്; സർവീസ് ചാർജ് 19 ദിർഹം മാത്രം പാസ്‌പോർട്ട് സേവനങ്ങൾക്കായി അനധികൃത ഏജൻസികളെ ആശ്രയിക്കരുതെന്ന് കോൺസൽ ജനറൽ അഭ്യർത്ഥിച്ചു. ‘കോൺസുലാർ സേവാ ഇൻ യുഎഇ’ (Consular Seva in UAE) എന്ന ഔദ്യോഗിക പോർട്ടൽ വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. സേവനങ്ങൾക്കായി 19 ദിർഹം മാത്രമാണ് സർവീസ് ചാർജായി ഈടാക്കുന്നത്; ഇതിൽ കൂടുതൽ തുക ആർക്കും നൽകേണ്ടതില്ല. നിലവിൽ ‘അൽ ഹിന്ദ് ട്രാവൽസ്’ ഗ്രൂപ്പിന്റെ കേന്ദ്രങ്ങളിലാണ് താൽകാലികമായി സേവനങ്ങൾ നൽകിവരുന്നത്.
സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിക്കും
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോൺസുലേറ്റിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്:
- ഹർ ഘർ തിരംഗ: ഓഗസ്റ്റ് 9 മുതൽ 17 വരെ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമായി ദേശീയപതാകയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രവാസികൾക്ക് പങ്കാളികളാകാം.
- വന്ദേ മാതരം 150-ാം വാർഷികം: ദേശീയ ഗീതമായ വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കൂട്ടആലാപനവും സാംസ്കാരിക പരിപാടികളും നടക്കും.
- ‘ഭാരത് കോ ജാനിയെ’ ക്വിസ്: പ്രവാസികൾ, ഇന്ത്യൻ വംശജർ, വിദേശപൗരന്മാർ എന്നിവർക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിൽ യുഎഇയിൽ നിന്ന് വിജയിക്കുന്ന 5 പേരെ സ്വാതന്ത്ര്യദിന ചടങ്ങിൽ ആദരിക്കും. ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് പ്രത്യേക സമ്മാനം നൽകുമെന്നും കോൺസൽ ജനറൽ അറിയിച്ചു.






