ദമാം: ദീര്‍ഘകാലം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ദാമാമിലും അല്‍ ഹസ്സയിലും പ്രവാസിയായിരുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് അലി വള്ളക്കടവ് (63) ഡല്‍ഹിയില്‍ അന്തരിച്ചു. പ്രവാസം അവസാനിപ്പിച്ചതിന് ശേഷം കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലും പുറത്തും വിവിധ മേഖലയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. പ്രളയ കാലത്തും കൊവിഡ് മഹാമാരിയുടെ വേളയിലും അശരണരായ നിരവധി പേർക്ക് സാന്ത്വനമേകിയും ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഇദ്ദേഹം നാട്ടിലെ വിവിധ സാമൂഹ്യ വിഷയങ്ങളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബിസിനസ്സ് സംബന്ധിച്ച് ദൽഹിയിൽ എത്തിയ അദ്ദേഹത്തെ ഇന്നലെ വൈകിട്ടുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ദല്‍ഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രിയോടെ മരണം സംഭവിച്ചു.
സൗദി പ്രവാസ ലോകത്തിന്റെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ രംഗം ഇത്രത്തോളം സ്വതന്ത്രമല്ലാത്ത കാലത്ത് (തൊണ്ണൂറുകളുടെ അവസാനം) ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് ഗൾഫ് മലയാളി ഫെഡറേഷൻ എന്ന കൂട്ടായ്മ അഷ്റഫ് അലി രൂപീകരിച്ചത്. ഇത് പിന്നീട് ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായി മാറി. പ്രയാസമനുഭവിക്കുന്ന സാധാരണ പ്രവാസികളുടെ വിഷയങ്ങളില്‍ നേരിട്ടെത്തി ഇടപെടുകയും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്തതിലൂടെ സാധാരണക്കാര്‍ക്കിടയില്‍ അഷ്‌റഫ് അലി ജനകീയനായി മാറുകയായിരുന്നു.
പോലീസ് സ്റ്റേഷനുകൾ, ലേബര്‍ ഓഫീസ്, ഗവര്‍ണറേറ്റ് എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങിയ അദ്ദേഹം പാവപ്പെട്ട പ്രവാസികളുടെ വിഷയങ്ങളില്‍ നിരന്തരമായി കലഹിച്ചു. അക്കാലത്തെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്ന നിസ്സംഗതയെ നിരന്തരം ചോദ്യം ചെയ്യുകയും കേരള സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും ബന്ധപ്പെട്ടു കൊണ്ട് നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും സമയം കണ്ടെത്തിയിരുന്നു. ദമാം ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും അഷ്‌റഫ് അലി നേതൃത്വ പരമായ പങ്കു വഹിച്ചു.
എയര്‍ ഇന്ത്യയെ പ്രവാസ ലോകത്ത് ബഹിഷ്ക്കാരിക്കാന്‍ ആദ്യമായി ആഹ്വാനം ചെയ്തത് പോലും ഇദ്ദേഹമായിരുന്നു.
കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘടനകള്‍ അവരുടെ പോഷക വിഭാഗത്തിന് പ്രവാസ ലോകത്ത് ഇടം നല്‍കി രൂപീകരിച്ചപ്പോഴും ഇവര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അഷ്‌റഫ് അലിയുടെ ഇടപെടല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടതുപക്ഷക്കാരനിലെ ഇടതുപക്ഷം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആരെയും ഭയപ്പെടാതെ ഏറ്റെടുത്ത കാര്യങ്ങള്‍ ചുറുചുറുക്കോടെ നടപ്പിലാക്കുകയും അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.
ഇന്ന് രാവിലെ പ്രമുഖ സാഹിത്യകാരനും കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പി. ശിവപ്രസാദ് അദ്ദേഹത്തിന്റെ ഫേസ് ബുക്കില്‍ കുറിച്ച അഷ്‌റഫ് അലിയുടെ വിയോഗം ഏറെ ഞെട്ടലോടെയാണ് പ്രവാസ ലോകം ശ്രവിച്ചത്. അതിവിസ്തൃതമായ സൗഹൃദത്തിന്റെ ഉടമയായിരുന്ന അഷ്റഫ് അലിയുടെ വിയോഗവാർത്തയെ കുറിച്ച് അറിയാന്‍ നിരവധി സുഹൃത്തുക്കളാണ് ദ മലയാളം ന്യൂസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. ബന്ധുക്കൾ ദൽഹിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. നാളെ രാവിലെ വള്ളക്കടവ് ജുമാ മസ്ജിദിൽ ഖബറടക്കും.